ഗ്യാനേഷ് കുമാറിന് അടുത്ത കുരുക്ക്; കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി, '2 കോടി ആവശ്യപ്പെട്ടു'
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലത്ത് റോഡ് നിര്‍മാണത്തിന് രണ്ട് കോടി രൂപ കൈകൂലി ആവശ്യപ്പെട്ടു എന്ന ആരോപണത്തിലാണ് കേസ് വരുന്നത്. കെഎസ്ടിപി കരാറുകാരനായിരുന്ന ചടയമംഗലം സ്വദേശി വിഒ സാജന്‍ നല്‍കിയ പരാതിയിലാണ് നടപടി.
എംസി റോഡ് വികസനത്തിന് മലേഷ്യന്‍ കമ്പനി കൂടി ഭാഗമായ പതിബെല്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. കമ്പനിയുടെ ചീഫ് പ്രൊജക്ട് മാനേജര്‍ ആയിരുന്ന മലേഷ്യന്‍ എഞ്ചിനിയര്‍ ലീസീ ബീന്‍ 20 വര്‍ഷം മുമ്പ് ക്വാലാലംപൂരില്‍ വച്ച് ജീവനൊടുക്കി. റോഡ് നിര്‍മാണത്തിന്റെ തുക പൊതുമരാമത്ത് വകുപ്പ് അനുവദിക്കാത്തതില്‍ മനംനൊന്തായിരുന്നുവത്രെ ആത്മഹത്യ.

പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാര്‍ ബില്ല് പാസാക്കി എടുക്കുന്നതിന് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്നാണ് ആരോപണം. ഇക്കാര്യത്തില്‍ സാജന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. പ്രാഥമിക പരിശോധന നടത്തിയ വിജിലന്‍സ് സംഘം കേസെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. നിയമോപദേശം കൂടി തേടിയ ശേഷമാണ് കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.
ബില്ലുകള്‍ പാസാക്കാതെ ഗ്യാനേഷ് കുമാര്‍ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അതില്‍ ലീസീ ബീന്‍ മാനസിക സംഘര്‍ഷത്തിലായി എന്നും സാജന്‍ പരാതിയില്‍ സൂചിപ്പിക്കുന്നു. 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ കേസ് എടുക്കാമോ എന്ന കാര്യത്തിലാണ് ആഭ്യന്തര വകുപ്പ് നിയമോപദേശം തേടിയത്. കേസ് എടുക്കാന്‍ സാധിക്കുമെന്നാണ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി.
ഗ്യാനേഷ് കുമാറിനെതിരെ സമാന സംഭവത്തില്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ തുടര്‍ നടപടിയുണ്ടായില്ല. പക്ഷേ, വിജിലന്‍സിന് ലഭിച്ച പുതിയ പരാതി സംഭവം നേരിട്ട് അറിയുന്ന വ്യക്തിയില്‍ നിന്നാണ്. അതുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തീരുമാനിച്ചത്. രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം തുടരുന്ന വേളയിലാണ് കേരളത്തിലെ കേസ് എന്നതും എടുത്തുപറയണം.
മലേഷ്യന്‍ എഞ്ചിനിയര്‍ ആത്മഹത്യ ചെയ്ത ശേഷം കേരളത്തില്‍ അന്വേഷണം നടന്നിരുന്നു എങ്കിലും പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഗ്യാനേഷ് കുമാര്‍ കേന്ദ്ര സര്‍വീസിലേക്ക് പോയി. ദേശീയ രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിയില്‍ ഗ്യാനേഷ് കുമാര്‍ നിറഞ്ഞതോടെയാണ് കേരളത്തില്‍ നടപടി വരുന്നത്. നിലവില്‍ ഭരണഘടനാ സ്ഥാപനത്തിന്റെ മുഖ്യസ്ഥാനത്തിരിക്കുന്നതിനാല്‍ ഗ്യാനേഷ് കുമാറിനെതിരെ എന്തു നടപടിയാകും ഉണ്ടാകുക എന്നതാണ് ഇനി അറിയേണ്ടത്.


Click it and Unblock the Notifications
