എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ്
സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനത്തിൽ സമ്മിശ്ര പ്രതികരണം. സുധാകരന്റേത് നാടകമെന്ന് അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം ആരോപിച്ചു. സുധാകരനെ പോലൊരു പൊതുപ്രവർത്തകൻ നിയമസഭയിൽ വരുന്നത് നല്ല കാര്യമാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്ക
പാർട്ടിയെ ചതിക്കുന്നവരെ നേരിടേണ്ട വിധം സുധാകരൻ തന്നെ പഠിപ്പിച്ചിട്ടുണ്ട്: എച്ച്. സലാം
ദീർഘകാലം മറ്റാർക്കും ലഭിക്കാത്ത പരിഗണന ലഭിച്ചിരുന്ന ആളാണ് സുധാകരനെന്നും വി.എസിനു പോലും ഇത്രയും പരിഗണന കിട്ടിയിട്ടുണ്ടാകില്ലെന്നും അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം. ഇതുപോലെ ഒരാൾ പാർട്ടിയെ ചതിച്ച് ഇങ്ങനെയൊരു നിലപാടിലേക്കെത്തിയാൽ അവരെ എങ്ങനെയാണ് നേരിടേണ്ടതെന്ന് സുധാകരൻതന്നെ മുൻകാലങ്ങളിൽ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ജനങ്ങളെ അണിനിരത്തി ഇത്തരം കാര്യങ്ങളെ ശക്തമായി നേരിടും.
സുധാകരന്റെ നിലപാടിന്റെ പേരിൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും പാർട്ടി അണികൾ പാർട്ടിയുടെ ഭാഗത്തുതന്നെ ആയിരിക്കുമെന്നും സലാം പറഞ്ഞു. അമ്പലപ്പുഴ ഏരിയയിൽനിന്ന് 15 പേർ പോലും പാർട്ടിയിൽനിന്ന് പോകില്ല. ഇപ്പോൾ അരങ്ങേറുന്ന നാടകത്തിന്റെ ഒരു രംഗം മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. ഇനി രണ്ട് രംഗങ്ങൾക്കൂടി വരാനുണ്ട്. അതിൽ ഒന്ന് യുഡിഎഫിന്റേതാണ്. പിന്നൊന്ന് ബിജെപിയുടേയും. വളരെയേറെ ആലോചിച്ച് പ്ലാൻചെയ്ത കാര്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ രണ്ടുരംഗങ്ങൾക്കൂടി അവതരിപ്പിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും സലാം പറഞ്ഞു. സുധാകരന് യുഡിഎഫിന്റെ പിന്തുണ കിട്ടുമോ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളെല്ലാം പ്ലാൻചെയ്ത് വെച്ചിരിക്കുകയാണന്നായിരുന്നു സലാമിന്റെ മറുപടി.

സിപിഎം വേട്ടയാടിയത് യഥാർഥ കമ്മ്യൂണിസ്റ്റിനെ:-ചെന്നിത്തല
അഴിമതിയില്ലാത്ത ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെയാണ് സിപിഎം വേട്ടയാടുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അരനൂറ്റാണ്ടിലേറെ പാർട്ടിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച, തികഞ്ഞ സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവ് ജി. സുധാകരനെ സിപിഎം അപമാനിച്ച് പുകച്ചു പുറത്തുചാടിച്ചിരിക്കുകയാണ്. വിദ്യാർത്ഥി കാലഘട്ടം മുതൽ സുധാകരനെ നേരിട്ടറിയാം. അന്ന് പല പ്രസംഗ മത്സരങ്ങളിലും പരിപാടികളിലും ഞങ്ങൾ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങൾ എക്കാലത്തും ഉയർത്തിപ്പിടിച്ച വ്യക്തിയാണ് സുധാകരനെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ചു തവണ എം.എൽ.എയായപ്പോഴും ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായപ്പോഴും അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ പൊതുപ്രവർത്തകനാണ് അദ്ദേഹം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവർക്കും അദ്ദേഹത്തെക്കുറിച്ച് വ്യക്തിപരമായി നല്ല അഭിപ്രായമാണ്. കഴിഞ്ഞ അഞ്ചാറ് വർഷത്തോളമായി പാർട്ടി സഖാക്കൾ തന്നെ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയും പിതാവിനെ ഉൾപ്പെടെ മോശമായി ചിത്രീകരിക്കുകയും ചെയ്തു. രക്തസാക്ഷി കുടുംബത്തിൽ നിന്നുള്ള ഒരംഗത്തെയാണ് സിപിഎം ഇത്തരത്തിൽ അപമാനിച്ച് പുറത്താക്കിയത്. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ച ഏറ്റവും വലിയ ചതിയും വഞ്ചനയുമാണ്. 65 വർഷമായി പാർട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ച ഒരു നേതാവിനുണ്ടായ മനോവേദന കേരളം ചർച്ച ചെയ്യേണ്ടതാണ്.
സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമോ എന്നതു സംബന്ധിച്ച് അദ്ദേഹം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ യുഡിഎഫ് പിന്തുണയ്ക്കുമോ എന്ന കാര്യം കോൺഗ്രസും യുഡിഎഫ് നേതൃത്വവും കൂടിയാലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്. അദ്ദേഹത്തെപ്പോലൊരു പൊതുപ്രവർത്തകൻ നിയമസഭയിൽ വരുന്നത് നല്ല കാര്യമാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. പാര്‍ലമെന്ററി ജനാധിപത്യത്തിനും, ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുധാകരന്റെ സാന്നിധ്യം നിയമസഭയില്‍ വളരെ നല്ലതാണ്. അക്കാര്യത്തിൽ പാർട്ടിയും മുന്നണിയും ആലപ്പുഴ ജില്ലാ നേതൃത്വവും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും.സിപിഎമ്മിന് സുധാകരന്റെ നീക്കം വലിയ തിരിച്ചടിയാകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
നീക്കങ്ങളുടെ പുരോഗതി നിരീക്ഷിച്ച ശേഷം തീരുമാനം: സണ്ണി ജോസഫ്
വളരെ തന്ത്രപരമായ നീക്കമാണ് സുധാകരന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് നാട്ടില്‍ സ്വീകാര്യത ഉണ്ടാകുമെന്നതില്‍ സംശയമില്ല. ഈ നീക്കങ്ങളുടെ പുരോഗതി കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. തുടര്‍നടപടിയുടെ കാര്യത്തില്‍ യുഡിഎഫ് ഉചിതമായ തീരുമാനം ആലോചിച്ച് എടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സിപിഎമ്മിന് മറുപടി ഉണ്ടാകുമെന്ന് കരുതുന്നില്ല. അദ്ദേഹവുമായി താന്‍ ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ ആരെങ്കിലും ബന്ധപ്പെട്ടതായി അറിയില്ല. മത്സരിക്കുന്ന സുധാകരനെ പിന്തുണയ്ക്കണോ എന്നതില്‍ ആലോചിച്ച് തീരുമാനമെടുക്കും. തിരക്കു പിടിച്ച് അഭിപ്രായം പറയാവുന്ന സാഹചര്യമല്ല ഇപ്പോഴെന്നും സണ്ണി ജോസഫ് പറഞ്ഞു.












Click it and Unblock the Notifications