കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയ; പോലീസ് തൊഴുതുനിന്നു, മാതാപിതാക്കളോട് കടമയുണ്ട്, വിവാദം വേണ്ട

വിവാഹം കഴിക്കാനാണ് മതംമാറിയതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ അവര്‍ മറുപടി നല്‍കി.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വറിനെതിരേ നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഹാദിയ. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്റെ പേരില്‍ ഇനി വിവാദം വേണ്ടെന്നും ഹാദിയ പറഞ്ഞു. സച്ചിദാനന്ദന്‍, ഗോപാല്‍ മേനോന്‍, വര്‍ഷ ബഷീര്‍ തുടങ്ങിയവരോടും നന്ദിയുണ്ടെന്നും അവര്‍ എനിക്ക്് വേണ്ടി നിലകൊണ്ടുവെന്നത് വൈകിയാണ് അറിഞ്ഞതെന്നും ഹാദിയ വിശദീകരിച്ചു. സുപ്രീംകോടതി ഹാദിയയുടെ വിവാഹം നിയമപരമാണെന്ന് പ്രഖ്യാപിച്ച ശേഷം ഭര്‍ത്താവിനൊപ്പം സേലത്ത് നിന്ന് കഴിഞ്ഞദിവസമാണ് ഹാദിയ കേരളത്തിലെത്തിയത്. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഓഫീസില്‍ വന്ന് നേതാക്കളെ കണ്ട ശേഷം അവര്‍ കൊല്ലത്തേക്ക് മടങ്ങിയിരുന്നു. തിരിച്ചു കോളേജിലേക്ക് പോകുന്നതിന് മുമ്പാണ് അവര്‍ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയത്...

രാഹുല്‍ ഈശ്വര്‍ ചെയ്തത്

രാഹുല്‍ ഈശ്വര്‍ ചെയ്തത്

രാഹുല്‍ ഈശ്വര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിച്ചുവെന്ന് ഹാദിയ നേരത്തെ ആരോപിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം വീട്ടില്‍ കഴിയവെ അനുവാദമില്ലാതെ തന്റെ ഫോട്ടോ എടുത്തുവെന്നും ഹാദിയ ആരോപിച്ചിരുന്നു. ഹാദിയക്ക് താല്‍പ്പര്യമുള്ള പുറത്തുനിന്നുള്ള ആരെയും അവരെ കാണാന്‍ വീട്ടില്‍ അനുവദിച്ചിരുന്നില്ല. ഈ സമയമാണ് രാഹുല്‍ ഈശ്വര്‍ വീട്ടില്‍ ചെന്ന് ഹാദിയയെ കണ്ടത്. അതിന് അച്ഛന്‍ അശോകന്‍ അവസരം ഒരുക്കിയിരുന്നു. ഹാദിയയും അച്ഛനും രാഹുല്‍ ഈശ്വറും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. രാഹുല്‍ ഈശ്വറിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണെന്നും അതില്‍ മാറ്റമില്ലെന്നും ഹാദിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇനി വിവാദം വേണ്ട

ഇനി വിവാദം വേണ്ട

തന്റെ പേരില്‍ ഇനി വിവാദം വേണ്ടെന്ന് ഹാദിയ വ്യക്തമാക്കി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. പലരുടെയും പിന്തുണ വൈകിയാണ് അറിഞ്ഞത്. എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ് സുപ്രീംകോടതി അനുവദിച്ച് തന്നതെന്നും ഹാദിയ വ്യക്തമാക്കി. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു വര്‍ഷം നഷ്ടമായി. കോടതി നിര്‍ദേശ പ്രാകരം വീട്ടില്‍ നിര്‍ബന്ധപൂര്‍വം കഴിഞ്ഞ വേളയില്‍ കൗണ്‍സിലിങ്ങിന്റെ പേരില്‍ പലതും അനുഭവിക്കേണ്ടി വന്നു. സനാതന ധര്‍മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുമ്പില്‍ പോലീസ് തൊഴുകൈകളോടെയാണ് നിന്നതെന്നും ഹാദിയ ആരോപിച്ചു.

മാതാപിതാക്കളില്‍ നിന്ന് മാറിനിന്നത്

മാതാപിതാക്കളില്‍ നിന്ന് മാറിനിന്നത്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കോട്ടയം വൈക്കത്തെ വീട്ടില്‍ എത്തിയ തനിക്ക് നേരിട്ട അനുഭവങ്ങള്‍ ഞാന്‍ നേരത്തെ വിവരിച്ചതാണ്. വീട്ടില്‍ തന്നെ സന്ദര്‍ശിക്കാന്‍ വരുന്നവരുടെ പേരും വിലാസവും രജിസ്റ്ററില്‍ എഴുതിയിരുന്നു. മതംമാറി ഹിന്ദുവാകണമെന്ന് പലരും നിര്‍ബന്ധിച്ചിരുന്നു. കൗണ്‍സിലിങ്ങിന്റെ മറവില്‍ നിരവധി പേര്‍ വന്നു. കഴിഞ്ഞ രണ്ടുവര്‍ഷമാണ് തനിക്ക് നഷ്ടമായത്. മാതാപിതാക്കള്‍ മോശമായി പെരുമാറിയപ്പോള്‍ മാത്രമാണ് അവരില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. ഇസ്ലാമിക വിശ്വാസ പ്രകാരം മാതാപിതാക്കളോട് കടമയുണ്ട്. അത് നിറവേറ്റുമെന്നും ഹാദിയ പറഞ്ഞു. മാതാവ് വിഷം നല്‍കി എന്നതുള്‍പ്പെടെ പുറത്തുപറയേണ്ടി വന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ മാതാപിതാക്കളോട് മാപ്പ് ചോദിക്കുന്നു. ഇനി വിവാഹം, മതംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണം. കോടതി അന്തിമവിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വസ്ഥമായി ജീവിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

വിവാഹം കഴിക്കാന്‍?

വിവാഹം കഴിക്കാന്‍?

വിവാഹം കഴിക്കാനാണ് മതംമാറിയതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ അവര്‍ മറുപടി നല്‍കി. മതംമാറ്റത്തിന് അങ്ങനെ ഒരു ഉദ്ദേശമില്ലായിരുന്നുവെന്നും ഹാദിയ പറഞ്ഞു. ദേശവിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചതാണ്. രാജ്യത്തിനും ഇസ്ലാമിനും എതിരായ ശക്തികളാണവര്‍. തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ട് എന്നു വരെ അവര്‍ പ്രചരിപ്പിച്ചു. ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാന്‍ പാടില്ല. എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തിലാണ് താനിപ്പോഴുള്ളതെന്നും ഹാദിയ വ്യക്തമാക്കി. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി ഹാദിയയെ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

ഷെഫിന്റെ വീട്ടില്‍

ഷെഫിന്റെ വീട്ടില്‍

മൂന്ന് ദിവസത്തെ അവധിയെടുത്താണ് കോളേജില്‍ നിന്ന് ഹാദിയ കേരളത്തിലേക്ക് വന്നത്. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ എത്തിയ അവര്‍ നേതാക്കളെ കണ്ട്, നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചിരുന്നു. തുടര്‍ന്ന് അല്‍പ്പ നേരം മാധ്യമങ്ങളുമായി സംസാരിച്ച ഹാദിയ തിരിച്ചുപോകും മുമ്പ് വാര്‍ത്താസമ്മേളനം വിളിക്കുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ കൊല്ലത്തേക്ക് പോയതും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചതും. ഷെഫിന്റെ വീട്ടില്‍ ഹാദിയയെ സ്വീകരിക്കാന്‍ നിരവധി ബന്ധുക്കള്‍ എത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് ഹാദിയ വീണ്ടും കോഴിക്കോട്ടേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്നാണ് കോഴിക്കോട്ടെത്തി വാര്‍ത്താസമ്മേളനം നടത്തിയത്. ഇനി സേലത്തേക്ക് പോകുമെന്നും അവര്‍ അറിയിച്ചു.

 ഖത്തറിലേക്ക് 20000 പശുക്കള്‍; പ്രതിദിനം 500 ടണ്‍ പാല്‍, ഉപരോധം ചെറുക്കാന്‍ പുതിയ തന്ത്രം ഖത്തറിലേക്ക് 20000 പശുക്കള്‍; പ്രതിദിനം 500 ടണ്‍ പാല്‍, ഉപരോധം ചെറുക്കാന്‍ പുതിയ തന്ത്രം

 ഷമി ഭാര്യയെ വധിക്കാന്‍ ശ്രമിച്ചു; വനത്തില്‍ കുഴിച്ചുമൂടാന്‍ പദ്ധതി!! ഉറക്കഗുളിക നല്‍കി, അന്വേഷണം ഷമി ഭാര്യയെ വധിക്കാന്‍ ശ്രമിച്ചു; വനത്തില്‍ കുഴിച്ചുമൂടാന്‍ പദ്ധതി!! ഉറക്കഗുളിക നല്‍കി, അന്വേഷണം

 മുസ്ലിംകള്‍ ഇവിടെ ജീവിച്ചിരുന്നില്ല; സൈനിക ക്യാംപുകള്‍!! പള്ളികള്‍ പൊളിച്ചുനീക്കി, ഏഴ് ലക്ഷം പേര്‍ മുസ്ലിംകള്‍ ഇവിടെ ജീവിച്ചിരുന്നില്ല; സൈനിക ക്യാംപുകള്‍!! പള്ളികള്‍ പൊളിച്ചുനീക്കി, ഏഴ് ലക്ഷം പേര്‍

English summary
Hadiya responds against Rahul Eeshwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X