ഹജ്ജ് യാത്രയ്ക്ക് ചെലവേറും; കരിപ്പൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് 1,65,000 രൂപ,കനത്ത പ്രതിഷേധം
തിരുവനന്തപുരം: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് വർധനയിൽ പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ. എല്ലാ കേന്ദ്രങ്ങളിലും ഏകീകരിച്ച ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തണമെന്നും ഉടൻ തന്നെ കേന്ദ്രസർക്കാർ ആശങ്ക പരിഹരിക്കണെന്നും സംഘടനകൾ ആവശ്യപ്പെട്ടു. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്നും ഇരട്ടി ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയതാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.
ഹജ്ജ് യാത്രക്കായി കണ്ണൂരിൽ നിന്ന് 89,000 രൂപയാണ് ടിക്കറ്റ് നിരക്ക്. നെടുമ്പാശേരിയിൽനിന്ന് 86,000 രൂപയും. അതേസമയം കരിപ്പൂരിൽ നിന്നും ഒരാൾക്ക് മാത്രം 1,65,000 രൂപയാണ് ടിക്കറ്റിനായി ഈടാക്കുന്നത്. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ യാത്ര തിരിക്കുന്നത് കരിപ്പൂരിൽ നിന്നാണെന്നരിക്കെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് അംഗീകരിക്കാനാകില്ല സംഘടനകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞവർഷം കേരളത്തിൽ നിന്നും 11556 തീർത്ഥാടകരാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്. ഇതിൽ 7045 പേരും കരിപ്പീരിൽ നിന്നായിരുന്നു. ഇത്തവണ 14464 തീർഥാടകരാണ് കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോട് നിന്നുള്ള ഹജ്ജ് തീർത്ഥാടകരോടുള്ള അവഗണനയാണ് ഉയർന്ന നിരക്കെന്ന് സംഘടനകൾ പറഞ്ഞു.
നിലവിൽ കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ മാത്രമാണ് ഹജ്ജ് യാത്രക്കുള്ള ടെൻഡർ നേടിയത്. അതേസമയം കൊച്ചിയിലും കണ്ണൂരിലും സൗദി എയർലൈൻസാണ് സർവ്വീസിന് അർഹത നേടിയത്. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതിയുമില്ലാത്തത് കൊണ്ട് തന്നെ യാത്രാ നിരക്ക് കൂട്ടി എയർ ഇന്ത്യക്ക് ടെണ്ടർ കൊടുത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് സുന്നി യുവജന സംഘം പ്രതികരിച്ചു. നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കരിപ്പൂർ എംബാർക്കേഷൻ പുനഃസ്ഥാപിച്ചത്. വീണ്ടും അതിനെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. പൊതുമേഖലാ സംരംഭങ്ങൾ തകർക്കുന്നതിൻ്റെ ഭാഗം കൂടിയാണ് നടപടിയെന്ന് മലപ്പുറം ഈസ്റ്റ്, വെസ്റ്റ്, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ ആരോപിച്ചു.
ഹജ്ജ് പ്രത്യേക പരിഗണനയോടെ കാണണമെന്നും പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ഹജ്ജ് കമ്മിറ്റി യോഗം ചേർന്ന് തുടർ നടപടികൾ ആലോചിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി ഇക്കാര്യം വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിരക്ക് വർധന താങ്ങാൻ കഴിയുന്നതല്ലെന്നും റീടെന്റർ നടത്തി അടിയന്തര പരിഹാരം കണ്ടെത്തണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു. നിരക്ക് കുറച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും എസ് വൈ എസ് വ്യക്തമാക്കി.












Click it and Unblock the Notifications