പേരാമ്പ്രയിലെ ഹലാല്‍ ബീഫ് വിവാദം: ഭക്ഷണത്തിൽ മതം കലർത്തുന്നവരെ ജനം തിരിച്ചറിയണമെന്ന് ബിജെപി
പേരാമ്പ്ര: ഹലാല്‍ ബീഫ് വിഷയത്തില്‍ പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർ മാർക്കറ്റിൽ നടന്ന സംഘർഷം സമഗ്ര അന്യേഷണം നടത്തണമെന്ന് ബി ജെ പി മണ്ഡലം നേതൃത്വം. വ്യത്യസ്ഥ പാർട്ടിയിൽ പെട്ട മൂന്ന് പേർ ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങവെ സ്വാഭാവികമായുണ്ടായ ഒരു തർക്കം ജീവനക്കാർ ചേർന്ന് സാധനം വാങ്ങാനെത്തിയവരെ ക്രൂരമായി മർദ്ധിക്കുന്നതിൽ കലാശിക്കുകയായിരുന്നുവെന്നാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്.
ഈ വിഷയം ഹലാൽ ബീഫ് വിൽപനക്കെതിരെയാണെന്ന് വരുത്തി തീർത്ത് എസ് ഡി പി ഐ - സി പി എംകൂട്ട്കെട്ട് പേരാമ്പ്രയെ ബോധപൂർവ്വം കലാപ ഭൂമിയാക്കാൻ ശ്രമിക്കുകയാണ്. നിസ്സാരമായ സംഭവം രാഷ്ട്രീയ മാനം നൽകി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന എസ് ഡി പി ഐ പ്രവർത്തകരാണെന്നും സ്ഥാപനം എസ് ഡി പി ഐ തീവ്രവാദ ശക്തികളുടെ താവളമായി മാറിയെന്നും ബി ജെ പി ആരോപിച്ചു.

സാധനം വാങ്ങാൻ കടയിലെത്തിയവരെ ജീവനക്കാർ മർദ്ധിച്ചിട്ടും അവർക്കെതിരെ കേസെടുക്കാനൊ സി സി ടി വി പരിശോധന നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനൊ പോലീസ് തയ്യാറാവാത്തതും പ്രതിഷേധാർഹമാണെന്നും ഭക്ഷണസാധനങ്ങളിൽ ഹലാൽ മുദ്ര പതിപ്പിച്ച് ഭക്ഷണത്തിൽ മതം കലർത്തുന്നവരെ ജനം തിരിച്ചറിയണമെന്നും ആവശ്യപ്പെടുന്നു.
ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ചോദിച്ച് കടയിലെത്തിയ രണ്ടുപേരാണ് അക്രമത്തിന് പിന്നിലെന്നാണ് കടയുടമകള്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയായിരുന്ന സംഭവം. സൂപ്പർമാർക്കറ്റിൽ പാക്ക് ചെയ്ത ബീഫ് വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ട്. ഇതിന്റെ കവറിനുമുകളിൽ ഹലാൽ ബീഫ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ടപ്പോള്‍ അതില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. കടയിൽ എത്തിയവർക്ക് പിന്തുണയുമായി പുറത്ത് സംഘടിച്ച് നിന്ന കൂടുതൽപേർ എത്തുകയും ചെയ്തു. അക്രമത്തില്‍ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായ ആനന്ദ് (24), സുജിത്ത് (27), രജിലേഷ് (32), വിജില എന്നിവർക്ക് പരിക്കേറ്റു. സംഭവത്തില്‍ ആർ എസ് എസ് പ്രവർത്തകനായ പ്രസൂണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജീവനക്കാർക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയിൽ ഡി വൈ എഫ് ഐ, മുസ്‌ലിം യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എസ് ഡി പി ഐ, വ്യാപാരി വ്യവസായിസമിതി എന്നീ സംഘടനകള്‍ ടൌണില്‍ പ്രതിഷേധം നടത്തി.












Click it and Unblock the Notifications