ഹലാല്‍ വിവാദം; സന്ദീപിന്റെ പോസ്റ്റിനെ തള്ളി നേതാക്കള്‍, പ്രതകരിക്കാന്‍ തയ്യാറാകാതെ കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം. ഹാലാല്‍ ഭക്ഷണത്തിനെതിരെ പ്രചാരണങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. അതേസമയം സന്ദീപിന്റെ ഈ പ്രസ്താവനയെ എതിര്‍ത്ത്‌കൊണ്ടാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറും, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും മറുപടി.
ഹലാല്‍ ഭക്ഷണമെന്നത് തീവ്രവാദ സംഘടനകളുടെ അജണ്ടയാണെന്നും പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടാണെന്നും ജനറല്‍ സെക്രട്ടറി പി സുധീര്‍ പറഞ്ഞത്. ഹലാല്‍ ഒരു മതപരമായ ആചാരമല്ലെന്നും മതത്തിന്റെ മുഖാവരണം ചാര്‍ത്തി വര്‍ഗീയ അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭക്ഷണത്തെ വര്‍ഗീയവത്ക്കരിക്കാന്‍ പിണറായി കൂട്ട് നില്‍ക്കുകയാണ്. മുത്തലാക്ക് പോലെ ഇതും നിരോധിക്കേണ്ടതാണെന്ന് പി സുധീര്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ വളരെ പെട്ടെന്നാണ് ഹലാല്‍ ഹോട്ടലുകള്‍ എന്നുള്ള ബോര്‍ഡ് ഉയര്‍ന്നത്. അത് നിഷ്‌കളങ്കമായി ഉണ്ടായ പ്രതിഭാസമല്ല. അതിന്റെ പിന്നില്‍ ചില ഉദ്ദേശങ്ങളുണ്ടെന്നും, ചില ആസൂത്രണങ്ങളുണ്ടെന്നും ബിജെപി സംസ്ഥാന പ്രതിസഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സന്ദീപിന്റെ അഭിപ്രായത്തോട് കെ സുരേന്ദ്രന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

ഹിന്ദുവിനും ക്രിസ്താനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാകില്ല എന്ന് മനസ്സിലാക്കിയാല്‍ നല്ലത് എന്നാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഒരു സ്ഥാപനം തകര്‍ക്കാന്‍ ഒരു പോസ്റ്റ് മതി, പക്ഷേ അത് വഴി പട്ടിണിയിലാകുക എല്ലാ വിഭാഗക്കാരുമാണെന്നും വികാരമല്ല വിവേകമാണ് മുന്നോട്ട് നയിക്കേണ്ടതെന്നുമാണ് സന്ദ്ീപ് വാര്യര്‍ പറയുന്നത്. നിലപാട് വ്യക്തിപരമെന്ന് പറഞ്ഞാണ് സന്ദീപിന്റെ പോസ്റ്റ്.

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി വക്താക്കള്‍ വ്യക്തിപരമായ പോസ്റ്റ് ഇടരുതെന്ന് സുരേന്ദ്രന്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സന്ദ്ീപ് വാര്രുടെ പോസ്റ്റ്. സന്ദീപിന്റെ വ്യക്തിപരമായ പോസ്റ്റുകള്‍ക്കെതിരെ നേരത്തെ സംസ്ഥാന ഭാരവാഹിയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം സന്ദീപിന്റെ പോസ്റ്റിനെ പല പ്രമുഖരും പിന്തുണക്കുമ്പോഴാണ് ബിജെപി എതിര്‍ക്കുന്നത്.

ഒരു സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരന്‍ , അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ്. ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോയെന്നും അവരില്‍ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാമന്നു സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവുമെന്നും ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാമെന്നും, അത് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലതാണെന്നും സന്ദീപ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നത് എല്ലാവരും ഓര്‍ക്കണം. ഇന്ത്യന്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ചെറുതുരുത്തിയിലെ അബ്ദുല്‍ സലാമിക്കയുടെ ഹോട്ടല്‍ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂവെന്നും വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. മതചടങ്ങിന്റെ ഭാഗമായി ഭക്ഷണത്തില്‍ തുപ്പുകയാണെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ നേരത്തെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചതോടെയാണ് പുതിയ വിവാദത്തിന് തിരികൊളഉത്തിയിരുന്നത്.

പിന്നാലെ നിരവധി പേര്‍ പിന്തുണച്ചും പ്രതിരോധിച്ചും രംഗത്തെത്തി. ഇതിന് പിന്നാലെ ഒരു ഫേസ്ബുക്ക് പേജ് ഹലാലല്ലാത്ത ഭക്ഷണം വില്‍പ്പന നടത്തുന്ന ഹോട്ടലുകള്‍ എന്ന് വിശേഷിപ്പിച്ച് പട്ടിക പുറത്തുവിട്ടതോടെയാണ് വിവാദം കൂടുതല്‍ ശരക്തമായത്. എന്നാല്‍ ഈ പ്രചാരണത്തിനെതിരെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഹോട്ടല്‍ തന്നെ രംഗത്ത് വന്നിരുന്നു. ഇത് ഹോട്ടലിന്റെ അറിവോടെയല്ലെന്നും, ഇക്കാര്യത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതായും ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു.












Click it and Unblock the Notifications