ഹലാൽ ഭക്ഷണം "സാമ്പത്തിക ജിഹാദിന്" സമാനം: വിവാദമായി ബിജെപി നേതാവിന്റെ പ്രതികരണം
ബെംഗളൂർ: ഹലാൽ ഭക്ഷണം "സാമ്പത്തിക ജിഹാദിന്" സമാനമാണെന്ന് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി. ചില സംഘടനകൾ ഹലാൽ മാംസം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ബി ജെ പി നേതാവിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഹലാൽ മാംസം ഒഴിവാക്കണമെന്ന് ഹിന്ദുക്കളോട് അഭ്യർത്ഥിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. പ്രത്യേകിച്ച് ഹിന്ദു പുതുവത്സര ഉത്സവമായ ഉഗാദിക്ക് ശേഷം ഇത്തരമൊരു തീരുമാനം എല്ലാവരും എടുക്കണമെന്നായിരുന്നു പ്രചരണത്തിന്റെ അടിസ്ഥാനം.
ഉഗാദിക്ക് ശേഷം ഒരു ദിവസം മാംസാഹാരം കഴിക്കാത്ത ഒരു വിഭാഗം ഹിന്ദുക്കൾ ദൈവത്തിന് മാംസം സമർപ്പിച്ച് പുതുവത്സരം ആഘോഷിക്കും. ഈ ആചാരം ഒഴിവാക്കാനാണ് വലതുപക്ഷ പ്രവർത്തകർ ഇപ്പോൾ ജനങ്ങളോട് ആവശ്യപ്പെടുന്നത്. കർണാടകത്തിന്റെ ചില ഭാഗങ്ങളിൽ ഹിന്ദു മത ഉത്സവങ്ങള്‍ നടക്കുന്ന സമയത്ത് ക്ഷേത്രങ്ങൾക്ക് ചുറ്റും മുസ്ലീം കച്ചവടക്കാരെ വിലക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രചരണവും ശക്തമായത്.

"ഹലാൽ സാമ്പത്തിക ജിഹാദാണ്. മുസ്‌ലിംകളെ മറ്റുള്ളവരുമായി കച്ചവടം ചെയ്യുന്നതിൽ നിന്ന് തടയാൻ ഇത് ജിഹാദ് പോലെ ഉപയോഗിക്കുന്നു. ഹലാൽ മാംസം ഉപയോഗിക്കണമെന്ന് അവർ ചിന്തിക്കുമ്പോൾ, അത് ഉപയോഗിക്കരുത് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? രവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "അവരുടെ ദൈവത്തിന്" അർപ്പിക്കുന്ന ഹലാൽ മാംസം അവർക്ക് (മുസ്ലിംകൾക്ക്) പ്രിയപ്പെട്ടതാണെന്നും എന്നാൽ ഹിന്ദുക്കൾക്ക് അത് ആരുടെയെങ്കിലും അവശിഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഉൽപന്നങ്ങൾ മുസ്‌ലിംകളിൽ നിന്ന് മാത്രം വാങ്ങുകയും മറ്റുള്ളവരിൽ നിന്ന് വാങ്ങാതിരിക്കുകയും ചെയ്യുന്ന തരത്തിലാണ് ഹലാൽ ആസൂത്രിതമായി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ബി ജെ പി നേതാവ് ആരോപിച്ചു.
"മുസ്ലിംകൾ ഹിന്ദുക്കളിൽ നിന്ന് മാംസം വാങ്ങാൻ വിസമ്മതിക്കുമ്പോൾ, അവരിൽ നിന്ന് ഹിന്ദുക്കൾ വാങ്ങണമെന്ന് നിങ്ങൾ എന്തിന് നിർബന്ധിക്കണം? ഇത് ചോദിക്കാൻ പോലും ആളുകൾക്ക് അവകാശമില്ലേ? രവി ചോദിച്ചു. ഹലാൽ മാംസം ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരം വ്യാപാര രീതികൾ വൺ-വേ ട്രാഫിക്കായിരിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. മുസ്ലീങ്ങൾ ഹലാൽ അല്ലാത്ത മാംസം കഴിക്കാൻ സമ്മതിക്കുകയാണെങ്കിൽ, ഈ ആളുകളും (ഹിന്ദുക്കൾ) ഹലാൽ മാംസം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി ഇത്തരം പ്രചരണ പ്രവണതകളെ അപലപിക്കുകയും " സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും പൂന്തോട്ടമായ" സംസ്ഥാനത്തെ "നശിപ്പിക്കരുതെന്ന്" ഹിന്ദുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. "ഈ സംസ്ഥാനത്തെ എവിടേക്ക് നയിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് എനിക്ക് സർക്കാരിനോട് ചോദിക്കാൻ ആഗ്രഹമുണ്ട്. സംസ്ഥാനം നശിപ്പിക്കരുതെന്ന് ഞാൻ ഹിന്ദു യുവാക്കളോട് കൂപ്പുകൈകളോടെ ആവശ്യപ്പെടുന്നു'' കുമാരസ്വാമി പറഞ്ഞു.
വർഗീയ രാഷ്ട്രീയത്തിന്റെ ഉയർച്ചയ്ക്ക് കോൺഗ്രസ് ഉത്തരവാദിയാണെന്ന് മുന്‍ മുഖ്യമന്ത്രി ആരോപിച്ചു. "കോൺഗ്രസ് അത്തരമൊരു സർക്കാരിനെ സംസ്ഥാനത്ത് കൊണ്ടുവന്നു. ഇപ്പോൾ ബി ജെ പി സർക്കാർ അധാർമികതയാണെന്നാണ് കോൺഗ്രസ് പറയുന്നത്. ആരാണ് അതിന് ഉത്തരവാദി? നിലവിലെ സാഹചര്യത്തിന് ജെഡി(എസ്)നോ എച്ച്‌ഡി കുമാരസ്വാമിയോ ഉത്തരവാദികളല്ല. കോൺഗ്രസിന്റെ പീഡനങ്ങൾ കാരണം സംസ്ഥാനത്തെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു.
അതേസമയം, സംസ്ഥാനത്ത് നിന്നുള്ള കെ മരളുസിദ്ദപ്പ, പ്രൊഫ എസ് ജി സിദ്ധരാമയ്യ, ബോൾവാർ മഹമദ് കുഞ്ഞി, ഡോ വിജയ തുടങ്ങിയ 61 പുരോഗമന ചിന്താഗതിക്കാര പ്രമുഖർ ചേർന്ന മതവിദ്വേഷം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. "വംശീയ സമാധാനത്തിന്റെ പൂന്തോട്ടമായ ഈ നാട്ടിൽ മതവിദ്വേഷം ബോധപൂർവം വളർത്തുന്നത് ലജ്ജയില്ലാത്ത പ്രവൃത്തിയാണ്," അവർ കത്തിൽ പറഞ്ഞു.












Click it and Unblock the Notifications