പകുതിവില തട്ടിപ്പ്: ആനന്ദകുമാറും കുരുക്കിലേക്ക്? ശബ്ദ സന്ദേശങ്ങള്‍ പുറത്ത്; അന്വേഷണം ശക്തമാക്കുന്നു
കൊച്ചി: പകുതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തട്ടിപ്പിന്റെ തുടക്കം മുതല്‍ അനന്തുവിനൊപ്പം ആനന്ദകുമാർ ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദ സന്ദേശങ്ങള്‍ റിപ്പോർട്ടർ ടിവി പുറത്ത് വിട്ടു. കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അനന്തകൃഷ്ണനെ പരിചയപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ആണെന്നായിരുന്നു ആനന്ദകുമാറിന്റെ അവകാശവാദം. എന്നാല്‍ ഇദ്ദേഹത്തിന് നേരത്തെ തന്നെ അനന്തുകൃഷ്ണനുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന തെളിവുകള്‍.
കേരളത്തിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവായ ലാലി വിന്‍സെന്റ് പരിചയപ്പെടുത്തിയത് കൊണ്ടാണ് അനന്തുവിനെ അടുപ്പിക്കുകയും സംഘടനയുടെ ഭാഗമാക്കുകയും ചെയ്തതെന്നായിരുന്നു തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ആനന്ദ കുമാർ പ്രതികരിച്ചത്. എന്നാല്‍ ആനന്ദകുമാറാണ് അനന്തുവിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നായി ലാലി വിന്‍സെന്റിന്റെ മറുപടി. ഇതിന് പിന്നാലെയാണ് പദ്ധതിക്കായി പ്രമോട്ടര്‍മാരേയും കോര്‍ഡിനേറ്റര്‍മാരെയും അടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സംഘടനയുടെ പരിപാടികളിലും ആനന്ദ കുമാര്‍ തുടക്കം മുതല്‍ സജീവമാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പ്രമോട്ടർമാരും കോഓഡിനേറ്റര്‍മാരും നിരന്തരം വിളിക്കുന്നതിനെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ താക്കീത് സ്വരത്തില്‍ അനന്തുകൃഷ്ണന്‍ സംസാരിക്കുന്നുണ്ട്. ഈ സമയത്ത് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ആനന്ദകുമാറും രംഗത്ത് വരുന്നു. 'ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മാത്രം ഇതിലുള്ള ആളുകള്‍ വിളിച്ചാല്‍ മതിയെന്ന റൂളിംഗ് നടത്തിയാല്‍ മതിയായിരുന്നു. ഒരുപാട് പേപ്പര്‍വര്‍ക്ക് ഉണ്ട്. അറിയുന്നവര്‍ക്കേ അറിയൂ. നാളെ മുതല്‍ തന്നെ ഇങ്ങനെയൊരു റൂളിംഗ് ഉണ്ടാവണം.' എന്നാണ് അനന്തുവിന്റെ പിന്തുണച്ച് ആനന്ദകുമാർ പറയുന്നത്.
സംഘടനയ്ക്ക് എതിരായി ചിലർ നടത്തുന്ന നീക്കങ്ങള്‍ക്ക് എതിരേയും അദ്ദേഹം ഗ്രൂപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. 'രണ്ടാഴ്ച്ചയായി ചില സംഘടനകള്‍ പ്രസ്ഥാനത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ആ രീതിയിലുള്ള തെറ്റായ പ്രവര്‍ത്തനം അംഗീകരിക്കില്ല. നടപടിയുണ്ടാവും. ഏതെല്ലാം സംഘടനകളാണ് ചെയ്യുന്നതെന്ന് സംസ്ഥാന സെക്രട്ടറി കണ്ടുപിടിക്കുന്നതാണ്. കണ്ടുപിടിച്ചാല്‍ പ്രസ്ഥാനത്തില്‍ നിന്നും മാറ്റും.' എന്ന സന്ദേശമാണ് അദ്ദഹം ഗ്രൂപ്പില്‍ പങ്കുവെച്ചത്. ഇനി മുതല്‍ ഉദ്ഘാടനം ചെയ്യാനുള്ള ജില്ലാ ഓഫീസുകൾ അതത് എംഎൽഎമാരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണം എന്ന നിർദേശവും ആനന്ദകുമാർ പങ്കുവെക്കുന്നുണ്ട്.
തെളിവുകള്‍ ഒരോന്നായി പുറത്ത് വന്നതോടെ കെ എന്‍ ആനന്ദകുമാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് കൂടുതല്‍ ശക്തമാക്കി. ആനന്ദകുമാറിനെയും മുഖ്യപ്രതിയാക്കാനും പൊലീസിന് നീക്കമുണ്ട്. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും കേസില്‍ പ്രതിചേര്‍ക്കും. സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാംപ്രതിയുമാണ് ആനന്ദകുമാർ.












Click it and Unblock the Notifications