സ്കൂള്‍ മോഹങ്ങള്‍ ബാക്കി വെച്ച് ഹാനിയേല്‍ യാത്രയായി
പള്ളുരുത്തി: പുതിയ അധ്യയന വര്‍ഷത്തില്‍ പുത്തന്‍ യൂണിഫോമും ബാഗും പുസ്തകങ്ങളുമായി അക്ഷര ലോകത്തേക്ക് കാല്‍വെക്കേണ്ടിയിരുന്ന ഹാനിയേല്‍ മോഹങ്ങള്‍ ബാക്കി വെച്ച് പുതിയ ലോകത്തേക്ക് യാത്രയായി. സ്കൂള്‍ ഇന്ന് തുറക്കാനിരിക്കേ ഹാനിയേലിന്‍റെ വിയോഗം കുമ്പളങ്ങിയെ കണ്ണീരിലാഴ്ത്തി. സ്കൂൾ തുറക്കുന്ന ദിവസം പുതിയ ഉടുപ്പും ബാഗുമായി സ്കൂളിൽ പോകുന്ന കാര്യമാണ് ഹാനിയേലിന് പറയാനുണ്ടായിരുന്നത്.

ദിവസങ്ങൾക്കു മുൻപേ തന്നെ ഹാനിയേലിന് ഇഷ്ടമുള്ള ബാഗും കുടയും ഡിഫിന്‍ ബോക്സുമെല്ലാം പിതാവ് ജോസലിൻ വാങ്ങി നൽകിയിരുന്നു. മകന്‍റെ പുതിയ അധ്യയന വര്‍ഷാരംഭത്തിനായി കാത്തിരുന്ന ജോസ്ലിന് പക്ഷെ ഹാനിയേലിന്‍റെ മരണം വലിയ വേദനയാണ് നല്‍കിയത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കുമ്പോഴും മകന്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ജോസ്ലിന്‍. ദിവസവും ബാഗും പുസ്തകങ്ങളും യൂണിഫോമും ഹാനിയേൽ പരിശോധിക്കുമായിരുന്നുവെന്ന് പിതാവ് പറയുന്നു.കഴിഞ്ഞ തിങ്കളാഴ്ച്ച പിതാവിനൊപ്പം കുടിവെള്ളം ശേഖരിക്കാൻ പോയപ്പോഴാണ് പാമ്പിന്‍റെ രൂപത്തിലെത്തിയ മരണം ഹാനിയേലിനെ തട്ടിയെടുത്തത്.
ഹാനിയേൽ ചെടികൾക്കിടയിലൂടെ നടന്നപ്പോൾ കാലിൽ എന്തോ കുത്തിയെന്ന് പറയുകയും ചെയ്തു.വീട്ടിലെത്തിയ ഹാനിയേൽ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഹാനിയേല്‍ ഇന്ന് മുതല്‍ പോകാനിരുന്ന കുമ്പളങ്ങി കോണ്‍സലാസ കോണ്‍വെന്‍റ് ദുഃഖ സാന്ദ്രമാണ്.നെഹലു റോസാണ് സഹോദരി.












Click it and Unblock the Notifications