Easter Wishes In Malayalam: പ്രതീക്ഷയുടെ ഉയിര്‍പ്പ് തിരുന്നാള്‍; വീണ്ടുമൊരു ഈസ്റ്റര്‍; ആഘോഷങ്ങളും ചടങ്ങുകളും
ലോകത്താകെയുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷത്തിനുള്ള തിരക്കിലാണ്. മുഴുവന്‍ പാപഭാരങ്ങള്‍ക്കും പരിഹാരമായി കുരിശില്‍ മരിച്ച യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള കാത്തിരിപ്പിലാണ് ക്രൈസ്തവ വിശ്വാസികള്‍. കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കലാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
ക്രിസ്ത്യന്‍ വിശ്വാസികളുടെ ഏറ്റവും സുപ്രധാനമായ ആരാധന ക്രമമാണ് ഉയിര്‍പ്പ്. ദേവാലയങ്ങളില്‍ ഇന്നലെ സൂര്യന്‍ അസ്തമിച്ചത് മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. പീഢാനുഭവത്തിനും കുരിശുമരണത്തിനും ശേഷം കല്ലറയില്‍ സംസ്‌ക്കരിക്കപ്പെട്ട ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മാനവകുലത്തിന് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും അടായാളമാണ്.

ക്രിസ്തുമവിന്റെ മരണ ശേഷം ആദ്യ വര്‍ഷങ്ങളില്‍ പാസ്‌ക എന്ന പേരിലാണ് ഈസ്റ്റര്‍ ആഘോഷിക്കപ്പെട്ടിരുന്നത്. യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് പാസ്‌ക എന്ന വാക്ക് ഉരുവായത്. ഈ പാസ്‌ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. പിന്നീടാണ് പെസഹ മുതല്‍ ദുഃഖ ശനി വരെയുള്ള ദിവസങ്ങള്‍ പെസഹ ത്രിദിനമായും ഉയിര്‍പ്പ് തിരുന്നാള്‍ പ്രത്യേകമായും ആചരിക്കാന്‍ തുടങ്ങിയത്.
അന്‍പതു ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഓശാന ഞായറിനാരംഭിച്ച വിശുദ്ധ വാരത്തിന് ഈസ്റ്ററോടെ സമാപനമാകും. ദുഃഖ വെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആയി ആഘോഷിക്കപ്പെടുന്നത്. ഉയിര്‍പ്പു തിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്.
എല്ലാ വര്‍ഷവും ഡിസംബര്‍ 25-ന് ആഘോഷിക്കുന്ന ക്രിസ്തുമസില്‍ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു.

ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാര്‍വത്രികപ്രചാരം നേടുകയും ചെയ്തു.
വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന സമയത്ത് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറാറുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയ വഴിയാണ് ഏറ്റവും കൂടുതല്‍ ആശംസകൾ കൈമാറാറുള്ളത്. ചില ആശംസ സന്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ദൈവ പുത്രനായ യേശുക്രിസ്തുവിലൂടെ ഏറ്റവും വലിയ ത്യാഗം ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഈസ്റ്റര്‍ ആശംസകള്‍.
പീഢാനുഭവങ്ങള്‍ ഉള്ളവര്‍ക്കെല്ലാം ഉയര്‍ത്തെഴുന്നേല്‍പ്പ് ഉറപ്പായിരിക്കും. അനുഗ്രഹീതമായ ഈസ്റ്റര്‍ ആശംസിക്കുന്നു.
ഈസ്റ്റര്‍ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ്, പ്രത്യാശ കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യുക. പ്രതീക്ഷയുടെ ഉയിര്‍പ്പ് തിരുന്നാളില്‍ പ്രത്യാശയുടെ പുതുജീവിതം തുടങ്ങാം












Click it and Unblock the Notifications