പുതുവർഷം പിറന്നു; 2025 നെ വരവേറ്റ് ലോകം, നാടെങ്ങും ആഘോഷം
കൊച്ചി: പുതുവർഷത്തെ പ്രതീക്ഷകളോടെ വരവേറ്റ് ലോകം. വലിയ ആഘോഷങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളും ആഘോഷങ്ങളിൽ മുങ്ങി. എറണാകുളത്ത് ഫോർട്ട് കൊച്ചിയിലായിരുന്നു പുതുവത്സര പരിപാടികൾ അരങ്ങേറിയത്. രാത്രി 12 ന് പാപ്പാഞ്ഞികളെ കത്തിച്ചായിരുന്നു ആഘോഷം. നടൻ വിനയ് ഫോർട്ടായിരുന്നു പാപ്പാഞ്ഞിയെ തീകൊളുത്തിയത്. ആഘോഷ പരിപാടികളിൽ സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ പങ്കെടുത്തു. കോഴിക്കോട് ബീച്ചിലായിരുന്നു ആഘോഷങ്ങൾ. നഗരത്തിലെ മാളുകളിലും സംഗീത പരിപാടികൾ അടക്കമുള്ള ഒരുക്കിയിരുന്നു. തിരുവനന്തപുരം നഗരത്തിലും വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സ്ഥാനമൊഴിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ പുതുവത്സര സന്ദേശങ്ങൾ പങ്കിട്ടു. പ്രമുഖരുടെ ആശംസകൾ വായിക്കാം
മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം-'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും. ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂർണ്ണമാക്കാനുള്ള ഊർജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാം. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവൽസരാശംസകൾ!'
പ്രതിപക്ഷ നേതാവ് വിഡി സതീശൻ- സുഖ ദുഃഖ സമ്മിശ്രമായിരുന്നു 2025. ചിലർക്ക് ദുഃഖമുള്ള നിമിഷങ്ങൾ ഉണ്ടായി. ചിലർക്ക് സന്തോഷമുള്ള ദിവസങ്ങൾ. എല്ലാ പ്രതിസന്ധികളേയും മറികടന്ന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് നമ്മുക്ക് വേണ്ടത്. 2025 പ്രതീക്ഷകൾ നിറഞ്ഞ വർഷമാണ്. ഈ വർഷം നമ്മുക്ക് ചുറ്റുമുള്ള പാർശ്വവത്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേർത്ത് നിർത്താനും ഒരുപാട് പാവങ്ങൾക്ക് നൻമ ചെയ്യാൻ സാധിക്കുന്നത തരത്തിലൊരു വർഷമാകട്ടെ. എല്ലാവർക്കും സന്തോഷകരമായ പുതുവത്സര ആശംകൾ നേരുന്നു.
കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ- 'സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും നല്ല കാലത്തെയാണ് നാം ഉറ്റുനോക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന നീതിശാസ്ത്രവും ഭരണകൂടവും കാലത്തിന്റെ അനിവാര്യതയാണ്. അത്തരം നല്ല നിമിഷങ്ങൾ സമ്മാനിക്കുന്ന പുതിയൊരു സംവത്സരം എല്ലാ പ്രിയപ്പെട്ടവർക്കും ആശംസിക്കുന്നു'












Click it and Unblock the Notifications