'വെളുത്ത നായരായ പൃഥ്വിരാജ്, ഡ്രഗ് മാഫിയയെ കുറിച്ച് ചോദിക്കുന്നില്ലേ'? രൂക്ഷമായി പ്രതികരിച്ച് ഹരീഷ് പേരടി
കൊച്ചി: നടന്‍ പൃഥ്വിരാജ് വാടകയ്ക്ക് നല്‍കിയ ഫ്‌ളാറ്റില്‍ നിന്നും ലഹരി മരുന്നുമായി യുവാവ് പിടിയിലായെന്ന വാര്‍ത്തകളില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. വിനായകനെ അവഹേളിച്ച മാധ്യമങ്ങള്‍ സിനിമാ പ്രമോഷഷന് എത്തിയ പൃഥ്വിരാജിനോട് മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ചോദ്യമൊന്നും ചോദിക്കാന്‍ ധൈര്യം കാണിച്ചില്ലെന്നാണ് വിമര്‍ശനം.
വിനായകന്‍ കറുത്തവനും ദളിതനും ആയത് കൊണ്ടും പൃഥ്വിരാജ് വെളുത്തവനും നായരും സൂപ്പര്‍സ്റ്റാറും ആയത് കൊണ്ടുമാണ് ഈ വിവേചനം എന്നും ഹരീഷ് പേരടി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം.

ഹരീഷ് പേരടിയുടെ പ്രതികരണം ഇങ്ങനെ: ''എല്ലാം വാർത്തകൾ ആണ്.. വാർത്തകൾ കേൾക്കുന്നതു കൊണ്ട് പറയുകയാണ്... പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്ലാറ്റിൽനിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാ പോലീസ് അറസ്റ്റ് ചെയ്യുന്നു... പോലീസ് പൃഥിവിനോട് അയാളെ പറ്റി ചോദിക്കൂമ്പോൾ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല... ഒരു ഏജൻസി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന്... നടിയെ ആക്രമിച്ച കേസിൽ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പൾസർ സുനിയെ എനിക്ക് അറിയില്ലാ എന്ന്.. ''

''വിനായകൻ സ്ത്രി സമൂഹത്തെ മുഴുവൻ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വ്യത്യാസം അതേപടി നിലനിർത്തി കൊണ്ടു തന്നെ ചോദിക്കട്ടെ.. ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങൾ പത്രക്കാരുടെ മുന്നിലിരുന്നപ്പോൾ നാവ് പണയം കൊടുത്ത നിങ്ങൾക്ക് ഉണ്ടായില്ലല്ലോ.. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം..''

''വിനായകനോട് എന്തും ആവാം.. കാരണം അവൻ കറുത്തവനാണ്.. ദളിതനാണ്... പൃഥിരാജ് വെളുത്തവനാണ്.. നായരാണ്.. സൂപ്പർസ്റ്റാറാണ്.. പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്... അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തിൽ പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാൻ ആഗ്രഹമുണ്ട്.. പോലീസിന്റെ വിശദികരണവും കേൾക്കാൻ ആഗ്രഹമുണ്ട്... കാരണം ഞങ്ങൾ ജനഗണമന ചൊല്ലുന്നവരാണല്ലോ... ജയഹേ...ജയഹേ...ജയഹേ...''

കൊച്ചിയില്‍ പൃഥ്വിരാജ് സുകുമാരന്‍ വാടകയ്ക്ക് നല്‍കിയ ഫ്‌ളാറ്റില്‍ നിന്നും സലിം കുട്ടി എന്നയാളെ ലഹരിമരുന്നുമായി പിടികൂടി എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊക്കെയ്ന്‍, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് അടക്കമുളള മയക്കുമരുന്നുകള്‍ ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തുവെന്നും ഒരു വര്‍ഷത്തിലേറെയായി ഈ ഫ്‌ളാറ്റിലാണ് താമസം എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ പുതിയ ചിത്രമായ ജനഗണമനയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി മാധ്യമങ്ങള്‍ക്ക് പൃഥ്വിരാജ് ഈയടുത്തായി അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയെ കുറിച്ച് മാധ്യമങ്ങളാരും പൃഥ്വിരാജിനോട് ചോദിക്കാന്‍ ധൈര്യപ്പെടുന്നില്ലെന്നതാണ് ഹരീഷ് പേരടി ഉന്നയിക്കുന്ന വിമര്‍ശനം. ഒരുത്തി സിനിമയുടെ പ്രമോഷന് എത്തിയ വിനായകനോട് മീ ടൂ ആരോപണങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചതാണ് ഹരീഷ് പേരടി മറുവശത്ത് ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications