ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു! എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് നടൻ
കോഴിക്കോട്: ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാല്‍ ആരാധകരുടെ ആര്‍പ്പ് വിളിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പാലക്കാട് നെന്മാറയില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിനിടെ ആയിരുന്നു സംഭവം.
തന്റെ പ്രസംഗ സമയത്തും മോഹന്‍ലാലിന് വേണ്ടി ആര്‍പ്പ് വിളികള്‍ ഫാന്‍സ് തുടര്‍ന്നതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. സംഭവം വാര്‍ത്തയായതോടെ മുഖ്യമന്ത്രിക്കെതിരെ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരികയുമുണ്ടായി. ഇതിനെതിരെ പ്രതകരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ആർപ്പ് വിളിച്ച് ഫാൻസ്
സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലും അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍ എത്തിയതോടെ ഫാന്‍സ് ആര്‍പ്പ് വിളിയും ബഹളവും തുടങ്ങി. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴും ബഹളം നിര്‍ത്തിയില്ല. ഇതോടെയാണ് മുഖ്യമന്ത്രി പ്രസംഗത്തിനിടെ തന്റെ അതൃപ്തി പരസ്യമായി അറിയിച്ചത്.

അതൃപ്തി പരസ്യമാക്കി പിണറായി
നമ്മള്‍ നാടിന്റെ ഭാഗമായ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ചിലര്‍ ഒരു ചെറിയ വൃത്തത്തില്‍ ഒതുങ്ങി നില്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് അതിനപ്പുറം ഒന്നുമില്ല. മോഹന്‍ലാല്‍ നമ്മുടെ അഭിമാനമാണ്. അദ്ദേഹത്തോട് സ്‌നേഹമാണെന്നത് അംഗീകരിക്കുന്നു. ഈ ഒച്ചയിടുന്നവര്‍ക്ക് അതിനപ്പുറം ഒന്നുമില്ലെന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഫാൻസ്
അവര്‍ ഇത് അവസാനിപ്പിക്കുകയുമില്ല. അതൊരു പ്രായത്തിന്റെ പ്രത്യേകതയായി കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് ആര്‍പ്പ് വിളിച്ചവര്‍ അല്‍പം അടങ്ങിയത്. മുഖ്യമന്ത്രിക്ക് ശേഷം സംസാരിച്ച മോഹന്‍ലാല്‍ പക്ഷേ ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. സോഷ്യല്‍ മീഡിയയില്‍ പിണറായിയെ പിന്തുണച്ചും ലാലിനെ പിന്തുണച്ചും ചര്‍ച്ചകള്‍ കൊഴുത്തു.

ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു
സംഭവത്തിൽ ഫാൻസിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു. അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടിയായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു.

തെറി വിളികളെ സ്വാഗതം ചെയ്യുന്നു
അതല്ലങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം. ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട്. എന്റെ ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു. ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോൾ നിങ്ങളുടെ പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങിയിട്ടുണ്ട്. അതിന് നന്ദിയും പറയുന്നു. എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും.












Click it and Unblock the Notifications