'ഗുരുദേവാ ഞങ്ങളോട് ക്ഷമിക്കുക ഞങ്ങൾക്ക് കുറച്ച് ചാച്ചരത കൂടിപ്പോയി', പ്രതികരിച്ച് ഹരീഷ് പേരടി
കോഴിക്കോട്: റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ ശ്രീനാരായണ ഗുരു പ്ലോട്ടിന് അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.
ശ്രീനാരായണ ഗുരുവിന് പകരം ആദി ശങ്കരന്റെ പ്രതിമ ഉൾപ്പെടുത്തണം എന്നുളള കേന്ദ്ര നിർദേശം പാലിക്കാത്തതാണ് കേരളത്തിന് അനുമതി ലഭിക്കാതിരിക്കാനുളള കാരണം എന്നാണ് റിപ്പോർട്ട്. കേന്ദ്ര നിലപാടിന് എതിരെ സാംസ്ക്കാരിക നായകർ അടക്കമുളളവർ പ്രതികരിക്കുന്നില്ലെന്ന് ഹരീഷ് പേരടി കുറ്റപ്പെടുത്തി.
ഹരീഷ് പേരടിയുടെ പ്രതികരണം: '' 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന് പറഞ്ഞ്, ഇന്ന് നമ്മൾ കാണുന്ന എല്ലാ സാംസ്കാരിക പുരോഗതിക്കും തുടക്കമിട്ട യഥാർത്ഥ നവോത്ഥാന നായകൻ ഗുരുദേവന്റെ പ്ലോട്ട് കേരള സർക്കാർ റിപ്പബ്ലിക് ദിനാഘോഷത്തിന് സമർപ്പിച്ചപ്പോൾ സംഘപരിവാരത്തിന് ചേരാത്ത രാഷ്ട്രിയം വർഷങ്ങൾക്കുമുൻപ് പറഞ്ഞ ആ മനുഷ്യന്റെ പ്രതിമക്കുപോലും വിലക്ക് വന്നിരിക്കുന്നു... നേരത്തോട് നേരമായിട്ടും ഒരു സാംസ്കാരിക നായിക്കളും കുരക്കുന്നില്ല... അവർ പാവപ്പെട്ട കുടുംബശ്രി സ്ത്രീ സഖാക്കളുടെ തിരുവാതിരയിലെ സവർണ്ണത തിരഞ്ഞു കൊണ്ടിരിക്കുകയാണ്...
പിന്നെ ഒരു പുസ്തകവും വായിക്കാത്ത കലാഭവനിലെ വളിച്ച കോമഡി വിളമ്പുന്ന കപട വിദൂഷകവേഷങ്ങളോട് എന്ത് പറയാനാണ്?.. ഈ വിലക്ക് തമിഴ് നാട്ടിൽ പെരിയാറിന്റെ പ്ലോട്ടിന് നേരെയാണെങ്കിൽ തമിഴന്റെ സാംസ്കാരിക ശക്തിയും ബോധവും എന്തൊണെന്ന് രാജ്യം അറിയുമായിരുന്നു... പ്രതിഷേധം.. പ്രതിഷേധം.. ഗുരുദേവാ ഞങ്ങളോട് ക്ഷമിക്കുക ഞങ്ങൾക്ക് കുറച്ച് ചാച്ചരത കൂടിപോയി..''

എഎം ആരിഫ് എംപിയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. വായിക്കാം: '' റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയ്ക്ക് പകരം ആദി ശങ്കരനെ ഉൾപ്പെടുത്തിയാൽ മാത്രമേ കേരളത്തിന്റെ ഫ്‌ളോട്ട് അനുവദിക്കൂ എന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് അങ്ങേയറ്റം അപമാനകരമാണ്. ബ്രാഹ്മണിക്കൽ അജണ്ട നടപ്പിലാക്കാൻ വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പ്രതിരോധികേണ്ടതുണ്ട്.
കേരളത്തിന്റെ നവോഥാന പാരമ്പര്യത്തെ ഇതുകൊണ്ടൊന്നും മറച്ചു വെക്കാൻ വേണ്ടി കഴിയില്ല.
ആദ്യം നൽകിയ സ്കെച്ച് പ്രകാരമുള്ള സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും പ്രമേയമായി ഉൾപ്പെട്ട നിശ്ചല ദൃശ്യത്തിനെ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ റിപ്പബ്ലിക്ക് ദിന പരേഡിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. റിപ്പബ്ലിക് ദിനം പോലും സംഘപരിവാർ രാഷ്ട്രീയമായി ഗൂഡ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവുന്നതല്ല. ശ്രീ നാരായണ ഗുരു ഉയർത്തിപിടിച്ച മൂല്യങ്ങൾ ഇനിയും മുറുക്കെ പിടിക്കാൻ ജനാതിപത്യ മതേതര ജാതി വിരുദ്ധ മലയാളി സമൂഹം മുന്നോട്ടു വരിക തന്നെ ചെയ്യും''.












Click it and Unblock the Notifications