മമ്മൂട്ടിയേയും മോഹൻലാലിനേയും ട്രോളി ഹരീഷ് പേരടി, 'മഹാനടന്മാരാകാനുളള അടിസ്ഥാന യോഗ്യത മഹാ മൗനം'
കൊച്ചി: അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമ്മ നേതൃത്വം ഇതുവരെ പ്രതികരിട്ടില്ല. അമ്മ യോഗം ചേര്‍ന്ന് വിഷയത്തില്‍ തീരുമാനം എടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാദം കത്തുമ്പോഴും സൂപ്പര്‍ താരങ്ങള്‍ ആരും പ്രതികരിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. മൗനം പാലിക്കുന്ന മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന് ഹരീഷ് പേരടി.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും മൗനം
മലയാള സിനിമയെ പിടിച്ച് കുലുക്കിയ വിവാദങ്ങള്‍ ഇതിന് മുന്‍പ് ഉണ്ടായപ്പോഴും സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും മൗനം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നടി ഭാവനയെ അപമാനിക്കുന്ന തരത്തിലുളള പ്രസ്താവന അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ചാനല്‍ അഭിമുഖത്തിനിടെ നടത്തിയത് വിവാദമായിട്ടും മമ്മൂട്ടിയോ മോഹന്‍ലാലോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഹരീഷ് പേരടിയുടെ പരിഹാസം
ഇത് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടിയുടെ പരിഹാസം. ഫേസ്ബുക്കിലാണ് ഹരീഷ് പേരടി മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ നൈസായി ട്രോളി രംഗത്ത് വന്നിരിക്കുന്നത്. മഹാനടന്മാരാകാനുളള അടിസ്ഥാന യോഗ്യത ഇത്തരം മഹാ മൗനങ്ങളാണ് എന്ന് ഹരീഷ് പേരടി പരിഹസിക്കുന്നു. ഇത് കണ്ട് പഠിക്കേണ്ടതാണെന്നും ഹരീഷ് കുറിച്ചു.

അത് നമ്മൾ കണ്ടൂ പഠിക്കേണ്ടതാണ്
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' ഇവർ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്... ഏതൊരു പ്രശനത്തിലും സംഘർഷം ഒഴിവാക്കാൻ വേണ്ടി ഇവർ സ്വീകരിക്കുന്ന മൗനം.. അത് നമ്മൾ കണ്ടൂ പഠിക്കേണ്ടതാണ്... മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാൻ തിരിച്ചറിയുന്നു... എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു...

മൗനം ഒരു പാഠ്യ വിഷയമായി മാറ്റുക
പുതുതായി തുടങ്ങിയ ശ്രീനാരയാണ സർവകലാശാലയിൽ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവർ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാൽ സംഘർഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാർത്തെടുക്കാൻ പറ്റും... '' എന്നാണ് ഹരീഷ് പേരടി പരോക്ഷമായി താരങ്ങളെ പരിഹസിച്ചിരിക്കുന്നത്.

ഈ മൂന്നു വനിതകൾക്ക് ബിഗ് സല്യൂട്ട്
പ്രമുഖ എഴുത്തുകാരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്: '' കാര്യസാധ്യതകളുടെ മാത്രം ഈ ലോകത്ത് വരും വരായ്കകളെക്കുറിച്ച് ആലോചിക്കാതെ ഇരയായ പെൺകുട്ടിയെ ചേർത്തു പിടിക്കാനും ധീരമായ നിലപാടിൽ ഉറച്ചു നിൽക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകൾക്ക് ബിഗ് സല്യൂട്ട്. ലിംഗനീതിയും സമത്വവും ഉറപ്പു വരുത്തുന്നതിന് പൊതുജന പിന്തുണ ഇവർക്ക് ആവശ്യമുണ്ട്. പാർവതി, രേവതി, പദ്മപ്രിയ... മുന്നോട്ട് പോവുക. നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും''.

പ്രതികരിക്കാതെ പ്രമുഖർ
റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇടവേള ബാബു വിവാദ പരാമർശം നടത്തിയത്. നടിമാരായ പാർവ്വതി, രേവതി, പത്മപ്രിയ, സംവിധായകരായ അഞ്ജലി മേനോൻ, വിധു വിൻസെന്റ് അടക്കമുളളവരാണ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുളളത്. അതേസമയം മലയാളത്തിലെ മറ്റ് സൂപ്പർ യുവതാരങ്ങളടക്കമുളളവർ മൌനം പാലിച്ചിരിക്കുകയാണ്. പൃഥ്വിരാജും ദുൽഖർ സൽമാനും ഫഹദ് ഫാസിലും അടക്കമുളളവർ പ്രതികരിച്ചിട്ടില്ല.

മാറ്റമുണ്ടാകും എന്നാണ് പ്രതീക്ഷിച്ചത്
അമ്മ പ്രസിഡണ്ടായ മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കണം എന്ന് നടിയും സംവിധായകയുമായ രേവതി ആവശ്യപ്പെട്ടിരുന്നു. മോഹന്‍ലാല്‍ അമ്മയുടെ തലപ്പത്ത് എത്തിയപ്പോള്‍ മാറ്റമുണ്ടാകും എന്നാണ് പ്രതീക്ഷിച്ചത്. 2017ല്‍ തങ്ങള്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി സംസാരിച്ചപ്പോള്‍ മോഹന്‍ലാലും ജഗദീഷും മാറ്റത്തിനായി പരിശ്രമിക്കും എന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും രേവതി പറഞ്ഞു.

മോഹന്‍ലാലിന്റെ നിലപാട് അറിയേണ്ടതുണ്ട്
അമ്മയുടെ ലീഡര്‍ എന്ന നിലയ്ക്ക് നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ മോഹന്‍ലാലിന്റെ നിലപാട് ഉറപ്പായും അറിയേണ്ടതുണ്ടെന്നും രേവതി പറഞ്ഞു. നടന് സിദ്ധിക്കിനെതിരെ ഉയര്‍ന്ന ലൈംഗിക ആക്രമണ പരാതി സംഘടന പരിഗണിക്കുന്നില്ലെന്നും രേവതി പറഞ്ഞു. മോഹന്‍ലാലിനെതിരെ ഷമ്മി തിലകനും രംഗത്ത് വന്നിരുന്നു. മോഹന്‍ലാല്‍ ഒളിച്ചോടുകയാണെന്നാണ് ഷമ്മി തിലകന് ആരോപിച്ചത്.

നിശബ്ദനായിരിക്കുന്നത് വിഷമമുണ്ടാക്കുന്നത്
വിഡ്ഡിത്തം പറയുന്നവരെ മോഹന്‍ലാല്‍ അമ്മയുടെ സ്ഥാനങ്ങളില്‍ വെച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം നിശബ്ദനായിരിക്കുന്നത് വിഷമമുണ്ടാക്കുന്നതാണ് എന്നും ഷമ്മി തിലകന് പറഞ്ഞു. സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് മോഹന്‍ലാലിന് യാതൊരു വിധത്തിലുളള അറിവും ഇല്ല. കാര്യങ്ങള്‍ മറ്റുളളവര്‍ പറഞ്ഞ് തന്നാല്‍ അതുപോലെ ചെയ്യാം എന്നാണ് അദ്ദേഹം അമ്മ യോഗത്തില്‍ പറഞ്ഞതെന്നും ഷമ്മി തിലകന് വ്യക്തമാക്കി.

ലിംഗസമത്വത്തെ കുറിച്ച് ബോധമില്ല
ലിംഗസമത്വത്തെ കുറിച്ചൊന്നും മോഹന്‍ലാലിന് ഒരു ബോധവും ഇല്ലെന്ന അവസ്ഥയാണ്. സമുഹത്തെ നേരിടാനുളള ബുദ്ധിമുട്ട് കൊണ്ടാണോ അതോ ഇതിനൊന്നും ഉത്തരം ഇല്ലാത്തത് കൊണ്ടാണോ എന്ന് മനസ്സിലാകുന്നില്ലെന്നും ഷമ്മി തിലകന് പറഞ്ഞു. അദ്ദേഹത്തിനാണ് അക്കാര്യമെല്ലാം തോന്നേണ്ടത്. അതല്ലെങ്കില്‍ മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്ത് ഇരിക്കാന്‍ പാടില്ലായിരുന്നുവെന്നും ഷമ്മി തിലകന് പറഞ്ഞു.

ചോദ്യങ്ങളെ നേരിടാതെ
കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലും മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളളവരുടെ മൗനം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിടാതെ മോഹന്‍ലാലും മമ്മൂട്ടിയും കുത്തിക്കുറിച്ച് ഇരുന്നത് അടക്കം വിമര്‍ശിക്കപ്പെട്ടിരുന്നു.