• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാത്തിനും കാരണം സാദിഖ് അലി തങ്ങൾ; പാണക്കാട് കുടുംബത്തിലെ 4-ാം ഖലീഫ... ആഞ്ഞടിച്ച് ഹരിത മുൻ നേതാവ്

Google Oneindia Malayalam News

മലപ്പുറം: ഹരിത വിവാദം മുസ്ലീം ലീഗിനെ വലിയ പ്രതിസന്ധികളിലേക്കാണ് വീണ്ടും തള്ളിയിട്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയ്ക്കുള്ളില്‍ പരിഹരിക്കാമായിരുന്ന വിഷയം വഷളാക്കിയത് മുസ്ലീം ലീഗിലെ ഉന്നത നേതാക്കള്‍ ആയിരുന്നു എന്ന് നേരത്തേ തന്നെ ഹരിത നേതാക്കള്‍ ആരോപിച്ചിരുന്നു. പിഎംഎ സലാമിന് നേര്‍ക്കായിരുന്നു മുമ്പ് ആരോപണ ശരങ്ങള്‍ ഉയര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വിവാദത്തിന്റെ തലം തന്നെ മാറ്റിമറിക്കുന്ന അതീവ ഗൗരവതരമായ ആരോപണം ആണ് ഉയര്‍ന്നിരിക്കുന്നത്.

ആയിഷ ബാനു എങ്ങനെ 'ഹരിത' പ്രസിഡന്റ് ആയി? ഫാത്തിമ തഹ് ലിയ എങ്ങനെ പുറത്തായി? എല്ലാത്തിനും ഉത്തരം ആ പരാതിആയിഷ ബാനു എങ്ങനെ 'ഹരിത' പ്രസിഡന്റ് ആയി? ഫാത്തിമ തഹ് ലിയ എങ്ങനെ പുറത്തായി? എല്ലാത്തിനും ഉത്തരം ആ പരാതി

മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖ് അലി തങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം. ഹരിത മലപ്പുറം മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ജോയിന്റെ സെക്രട്ടറിയും ആയ ഷിഫ എം ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. രൂക്ഷമായ പദപ്രയോഗങ്ങളാണ് ഷിഫ ഉപയോഗിച്ചിരിക്കുന്നത്. ഇതിനകം തന്നെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആവുകയും ചെയ്തു. ഷിഫ എഴുതിയ കുറിപ്പ് വായിക്കാം...

1

കോഴിക്കോട് വെള്ളയിലെ എംഎസ്‌എഫ് ആസ്ഥാനമായ ഹബീബ്‌സെന്ററിൽ എംഎസ്‌എഫ് സംസ്ഥാന പ്രവർത്തകസമിതി യോഗം 24.06.2021 ന്‌ നടക്കുന്നു. 28 ആൺകുട്ടികളും 1 പെൺകുട്ടിയും പങ്കെടുത്ത യോഗത്തിൽ മലപ്പുറത്ത് പ്രഖ്യാപിച്ച ഹരിത കമ്മിറ്റിയുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കാൻ ഹരിത ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയെ ക്ഷണിക്കുന്നു. " ഏതു വേശ്യക്കും അവരുടെ ന്യായം പറയാനുണ്ടാകും " എന്ന യോഗാധ്യക്ഷൻ പികെ നവാസിന്റെ കമന്റോടുകൂടി യോഗത്തിൽ പരസ്പര വാക്ക്‌പോരുകളും ബഹളവും നടക്കുന്നു. വീണ്ടും ഹരിതയുടെ ഭാരവാഹികളെയും മറ്റും നിയന്ത്രിക്കുന്നത്‌ യാസർ എടപ്പാളാണെന്നും ഇവരുടെ വീഡിയോകളും മറ്റുമൊക്കെ യാസർ എടപ്പാളിന്റെ കൈയിൽ ഉണ്ടെന്നുമൊക്കെ പറഞ്ഞ്‌ പെൺകുട്ടികളെ ആക്ഷേപിക്കുന്നു.വീണ്ടും ബഹളവും വാക്ക്പോരും തുടരുന്നു.പിന്നീട്‌ മുസ്‌ലിം ലീഗ്‌ ഇൻചാർജ്ജ് സെക്രട്ടറി പിഎംഎ സലാം ഇടപെട്ട് യോഗം പിരിച്ചുവിടുന്നു..!

2

പിറ്റേദിവസം മുഴുവൻ നേതാക്കളെയും നേരിട്ടും ഫോൺ മുഖേനെയും ഹരിത ഭാരവാഹികൾ പരാതി അറിയിക്കുന്നു. സാധാരണ നടക്കാറുള്ള നിസ്സംഗതയും ലാഗിംഗും തുടർന്നപ്പോൾ രേഖാമൂലം തന്നെ പരാതി നൽകുന്നു. പിന്നെയും കുലുങ്ങാത്ത നേതാക്കളെ ഓരോരുത്തരെയും നേരിട്ട് കണ്ട് തങ്ങൾക്കുള്ള പ്രയാസവും പരാതിയും ആവർത്തിക്കുന്നു.
" ലീഗിലെ ഇടക്കാല തമ്പുരാൻ കെട്ടിയിറക്കിയ പികെ നവാസിനെതിരേ എന്തെങ്കിലും നടപടിയെടുക്കാൻ ഞങ്ങൾക്ക് സാധിക്കുമോ നിഷ്കളങ്കരെ " എന്നതായിരുന്നു ഭൂരിപക്ഷം നേതാക്കളുടെയും മറുപടി.
" നിങ്ങളുടെ പരാതിയൊന്നും ലീഗിൽ വിലപ്പോകില്ല , സാദിഖലി തങ്ങളാണ് എതിർഭാഗത്ത്‌, നിങ്ങളെക്കൊണ്ട് പറ്റുന്നത് ചെയ്തോ " ഇതായിരുന്നു ഇൻചാർജ്ജ് സെക്രട്ടറി പിഎംഎ സലാമിന്റെ ഉപദേശം.

3

വിഷയത്തിന്റെ ഗൗരവം മുഴുവൻ നേതാക്കൾക്കും കൃത്യമായി ബോധ്യപ്പെട്ടിട്ടും നിസ്സഹായരായി നിൽക്കുന്ന നേതാക്കളിൽനിന്നുണ്ടായ അവഗണയും സാദിഖലി തങ്ങളുടെ ചുറ്റിലും കറങ്ങുന്ന ഉപചാപക സംഘത്തിന്റെ അവഹേളനവും സഹിക്കാതെ ഒടുവിൽ നിയമത്തിന്റെ പരിരക്ഷ തേടി വനിതാ കമ്മീഷനെ സമീപിക്കുന്നു. " പിണറായിയുടെ വനിതാ കമ്മീഷനെയാണോ ഇവർക്ക് " എന്ന നരേഷൻ മനഃപൂർവ്വം പ്രചരിപ്പിച്ചവർ മേലിൽ സർക്കാറാപ്പീസിലും പോലീസ് സ്റ്റേഷനിലും കയറിപ്പോകരുത് എന്ന് സാന്ദർഭികമായി ഉണർത്തുന്നു.
സംഗതി കൈവിട്ട്‌ പോവുകയും സമൂഹം വലിയ തോതിൽ ചർച്ച ചെയ്യുകയും ചെയ്യാൻ തുടങ്ങിയപ്പോഴാണ് പ്രശ്നം ഗുരുതരമെന്ന് നേതാക്കൾക്ക് ബോധ്യമായത്.
വിഷയം ചർച്ച ചെയ്യാൻ ഉന്നത അധികാരികൾ യോഗം ചേരുന്നു. പരാതിക്കാരായ ഹരിതയെ മരവിപ്പിക്കകയും ആരോപണ വിധേയരായ സംഘത്തോട് വിശദീകരണം ചോദിക്കുകയും ചെയ്യുന്നു.

4

യോഗം കഴിഞ്ഞിറങ്ങിയ സാദിഖലി തങ്ങൾ മുതിർന്ന നേതാക്കളോട്‌ ഹരിതക്കും ഫാത്തിമ തഹ്‌ലിയാക്കുമെതിരെ നടപടി എടുക്കണമെന്ന് നിർബന്ധിക്കുന്നു. നമ്മളോർക്കേണ്ടത് ചരിത്രത്തിൽ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമെന്ന് എഴുതിച്ചേർത്ത പാണക്കാട് കുടുംബത്തിലെ നാലാം ഖലീഫയാണ് ഈ തങ്ങൾ എന്നതാണ്.

നീതി തേടിയെത്തുന്ന അനേകായിരങ്ങൾക്ക് സംതൃപ്തിയോടെ മടങ്ങാൻ സാധിച്ചിരുന്ന പാണക്കാട് തറവാട്ടിൽനിന്നാണ് ഒരു കുറ്റവാളിക്കൊപ്പംനിന്ന് നിരപരാധികളെ പുറത്താക്കാൻ നേതാക്കളെ ചട്ടംകെട്ടുന്ന ഗ്രൂപ്പ് നേതാവിന്റെ അനീതിയുടെ കൊടുവാൾ ഉയർന്ന് താഴുന്നത്.

5

പെൺകുട്ടികളുടെ നിസ്സഹായാവസ്ഥയും സാദിഖലി തങ്ങളുടെ തോന്നിവാസവും തിരിച്ചറിഞ്ഞ ഇടി മുഹമ്മദ് ബഷീറും എം കെ മുനീറും മുൻകയ്യെടുത്ത് ഇരുവിഭാഗത്തെയും ഒന്നിച്ചിരുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നു. നവാസിനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിന്ന പെൺകുട്ടികൾക്കെതിരെ സാദിഖലി തങ്ങൾ ഉറഞ്ഞു തുള്ളുന്നു. ആശ്രിതവത്സനായ പികെ നവാസ് ആരോപണം നിഷേധിക്കുകയും എന്റെ കാര്യങ്ങൾ സാദിഖലി തങ്ങൾ തീരുമാനിക്കും എന്നും പറയുന്നു. നിസ്സഹായരായ മറ്റുനേതാക്കൾ ' എന്നാൽ അവസാന തീരുമാനം സാദിഖലി തങ്ങൾ എടുക്കട്ടെ ' എന്ന് തീരുമാനിക്കുന്നു.
പിറ്റേദിവസം സംസ്ഥാന സെക്രട്ടറി തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നു. തീർത്തും അന്യായമായ തീരുമാനം സ്വീകാര്യമല്ലെന്ന നിലപാട് ഹരിതയും തെറ്റ് ചെയ്തിട്ടില്ലെന്നും ഇനി നിങ്ങൾക്ക് അങ്ങിനെ തോന്നിയിട്ടുണ്ടെങ്കിൽ ഞങ്ങളുടെ കുറ്റമല്ലെന്നും ആരോപണ വിദേയരായ നവാസും കബീറും വഹാബും ഫെയ്‌സ്ബുക്ക് പോസ്റ്റുമിടുന്നു.

6

വനിതാ കമ്മീഷൻ സിറ്റിംഗ് തീരുമാനിച്ചെങ്കിലും പാർട്ടി തീരുമാനം കാത്ത് ഹരിത ഭാരവാഹികൾ പോകാതിരുന്നു.

എന്നാൽ പ്രാഥമിക നടപടി ക്രമത്തിന്റെ ഭാഗമായി പോലീസ് നവാസിനെ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തി വിടുകയും ചെയ്തു.
പെട്ടി താങ്ങിയും കാലുഴിഞ്ഞും തങ്ങൾ ഗ്രൂപ്പിലെത്തിയ ആശ്രിതവത്സർ എല്ലാം ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്ന് നിസ്സാരവൽക്കരിച്ചു അവർക്കിഷ്ടമില്ലാത്തവർക്കെതിരെ സൈബർ ആക്രമണം നടത്തുന്നു. പാർട്ടിയെ ഹൃദയത്തിലേറ്റിയ നിഷ്കളങ്കരായ ലീഗണികൾ
ഇവരുടെ നുണകൾ വിശ്വസിച്ചു പാർട്ടിക്ക് വേണ്ടി പ്രതിരോധം തീർക്കുന്നു.
അതിനിടയിലൂടെ ആജന്മ വിഷമരങ്ങൾ അവരുടെ ടാർഗറ്റ് ലക്ഷ്യംവെച്ച് കളത്തിലിറങ്ങുന്നു.

7

പാർട്ടിക്കുവേണ്ടി രാവും പകലുമില്ലാതെ ഓടിനടന്ന് പ്രവർത്തിച്ച പെൺകുട്ടികൾ നീതിക്ക് വേണ്ടി ഉറച്ചുനിന്നതിന്റെ പേരിൽ ഹരിത കമ്മിറ്റിയെ അന്യായമായി പിരിച്ചുവിടുന്നു.

കഴിഞ്ഞ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയാകാൻ ഇതേ സാദിഖലി തങ്ങളുടെ കത്തുമായി എത്തിയ വ്യക്തിയെ പുതിയ ഹരിത പ്രസിഡണ്ടായി പ്രഖ്യാപിക്കുന്നു. ഞാനും അപ്പനും അപ്പൻറെ സഹോദരി സുഭദ്ര തമ്പുരാട്ടിയും മാത്രം മതി എന്ന നയം ലീഗിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

cmsvideo
  ആണുങ്ങൾക്കെതിരെ പരാതി പറഞ്ഞ ഹരിത ഇനി ഇല്ല..പിടിച്ചു പുറത്താക്കി
  8


  പാർട്ടി നശിച്ചാലും സമുദായം റോട്ടിലായാലും ഞാൻ പറയുന്നതാണ് ശരിയെന്ന് വിശ്വസിച്ചു റോഡിലൂടെ നടക്കുന്ന രാജാവ് പൂർണ്ണ നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള ചങ്കൂറ്റം കാണിച്ച പുലിക്കുട്ടികളായി ചരിത്രത്തിൽ തിളങ്ങിനിൽക്കും ഹരിതയിലെ പത്തുപെൺകുട്ടികൾ.
  എല്ലാ പദവികളും നഷ്ടമാകുമെന്നറിഞ്ഞിട്ടും, സൈബറിടത്തിൽ കൊത്തിവലിക്കുമെന്നറിഞ്ഞിട്ടും നിലപാടിൽ ഉറച്ചുനിൽക്കാൻ കാണിച്ച കരളുറപ്പാണ് ലീഗ് രാഷ്ട്രീയത്തിലെ ഇടക്കാല വിപ്ലവകാരികൾക്കൊന്നും ഇല്ലാതെപോയത്.

  ഗ്രൂപ്പിന്റെ കോളത്തിൽ എല്ലാം എഴുതിച്ചേർത്ത് രക്ഷപ്പെടാനാണ് ഈ കുശ്മാണ്ടങ്ങളുടെ ശ്രമമെങ്കിൽ കാലത്തിന്റെ കാവ്യനീതി നിങ്ങളെയും കാത്തിരിക്കുന്നുണ്ട് എന്നുമാത്രമേ പറയാനുള്ളൂ...

  പി കെ കുഞ്ഞാലിക്കുട്ടി
  Know all about
  പി കെ കുഞ്ഞാലിക്കുട്ടി
  English summary
  Haritha Controversy: Grave allegations against Sadik Ali Shihab Thangal, raised by former Haritha Malappuram Districy General Secretary Shifa M.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X