ഹാരിസ് ബീരാന്‍ ലീഗിന്റെ രാജ്യസഭ സ്ഥാനാർത്ഥി: 5 പാർലമെന്റ് അംഗങ്ങളുമായി ലീഗിന്റെ സുവർണ്ണകാലം
തിരുവനന്തപുരം: സുപ്രീംകോടതി അഭിഭാഷകനും കെം എ സി സി നേതാവുമായ അഡ്വ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാർത്ഥി. ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേർന് പാർട്ടി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. ഇന്ന് വൈകീട്ട് തന്നെ ഹാരിസ് ബീരാന്‍ നാമനിർദേശ പത്രിക സമർപ്പിക്കും.
ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി എം എ സലാം, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു, സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ ഫിറോസ് എന്നിവരെ മറികടന്നാണ് ഹാരിസ് ബിരാന്‍ രാജ്യസഭയിലേക്ക് അവസരം ലഭിക്കുന്നത്. തുടക്കം മുതല്‍ തന്നെ സാദിഖലി തങ്ങള്‍ക്ക് ഹാരിസ് ബീരാനോടായിരുന്നു താല്‍പര്യം. ഒടുവില്‍ നേതൃയോഗത്തില്‍ തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ച് നിന്നതോടെ മറ്റുള്ളവർക്ക് വേണ്ടി വാദിച്ചവർ പിന്‍വാങ്ങി.

കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒരെണ്ണത്തിലാണ് യു ഡി എഫിന് വിജയിക്കാന്‍ സാധിക്കുക. ലോക്സഭ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മൂന്നാമതൊരു സീറ്റ് കൂടെ വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. ഈ സമയത്ത് നടത്തിയ അനുനയ ചർച്ചകളുടെ ഭാഗമായി ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ജയസാധ്യതയുള്ള സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
ഹാരിസ് ബീരാന്‍ കൂടി എത്തുന്നതോടെ പി.വി. അബ്ദുല്‍വഹാബിന് പുറമെ ലീഗിന് ഒരു രാജ്യസഭാംഗം കൂടിയാകും. ലോക്സഭയിലെ മൂന്നുപേരടക്കം ലീഗ് എം പിമാരുടെ എണ്ണം അഞ്ചാകും. സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ഹാരിസ് ബീരാനെ അഭിനന്ദിച്ച് പികെ ഫിറോസ്, കെ പി എ മജീദ് തുടങ്ങിയ പ്രമുഖ ലീഗ് നേതാക്കള്‍ രംഗത്ത് വന്നു. വെല്ലുവിളികളുടെ കാലത്ത് പ്രതീക്ഷയുടെ ശബ്ദമായി ചിലർ ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നാണ് കെ പി എ മജീദ് ഹാരിസ് ബീരാനെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.
'വെല്ലുവിളികളുടെ കാലത്ത് പ്രതീക്ഷയുടെ ശബ്ദമായി ചിലർ ഉയർന്നു വരേണ്ടത് അനിവാര്യമാണ്.മുസ്‌ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ഇന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഡ്വ. ഹാരിസ് ബീരാനെ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമജ്ഞരായ പ്രതിനിധികൾ പാർലിമെന്റിൽ ഉണ്ടാകേണ്ട കാലമാണിത്. അവരുടെ അറിവും അനുഭവ പരിചയവും ഏത് വെല്ലുവിളികളെയും നേരിടാൻ നമ്മെ പ്രാപ്തമാക്കും. സുപ്രിംകോടതിയിൽ നീതിയുടെ വാതിലുകൾക്ക് കാവലിരിക്കുന്ന ഹാരിസ് ബീരാന് രാജ്യസഭയിലും തിളങ്ങാനാവും.' കെ പി എ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications