ജനങ്ങള്‍ ബിജെപി സർക്കാറുകളില്‍ വിശ്വാസം അർപ്പിക്കുന്നു: വികസന നേട്ടങ്ങളുടെ വിജയമെന്നും കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ബിജെപി സർക്കാറുകളിലുള്ള വിശ്വാസം വീണ്ടും വ്യക്തമാക്കുന്നതാണ് ഹരിയാനയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിലെ ഹരിയാനയിലെ നയാബ് സിങ് സൈനി സർക്കാറിലും ജനങ്ങള്‍ വിശ്വാസം അർപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഹരിയാനയിലെ ഫലമെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
ഇരു സർക്കാറുകളും നടത്തിയ വികസനത്തിന്റെ നേട്ടങ്ങള്‍ അവർ അനുഭവിക്കുന്നു. കർഷക പ്രശ്നങ്ങളൊക്കെയായിരുന്നു കോണ്‍ഗ്രസ് വലിയ പ്രചരണ ആയുധങ്ങളാക്കിയത്. എന്നാല്‍ കർഷക മേഖലയിലെല്ലാം ബി ജെ പി സ്ഥാനാർത്ഥികള്‍ മികച്ച നേട്ടമാണുണ്ടാക്കിയത്. കോണ്‍ഗ്രസില്‍ ജനങ്ങളില്‍ ഇപ്പോഴും വിശ്വാസം അർപ്പിക്കുന്നില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചപ്പോഴും ജനങ്ങളുടെ യഥാർത്ഥി വിധിയില്‍ ഞങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. അത് ഇപ്പോള്‍ യഥാർത്യമായിരിക്കുന്നു. ഹരിയാനയില്‍ മൂന്നാമതും ബി ജെ പി സർക്കാർ ഉണ്ടാക്കാന്‍ പോകുകയാണ്. ജമ്മു കശ്മീരിലും ബി ജെ പിക്ക് നേട്ടം തന്നെയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വളരെ അപ്രതീക്ഷിതമായ തിരിച്ച് വരവാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ഹരിയാനയില്‍ ബി ജെ പി നടത്തിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആദ്യ രണ്ട് മണിക്കൂറില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. ആകെ 90 നിയമസഭ സീറ്റുകളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ലീഡ് നില ഒരു ഘട്ടത്തില്‍ 70 ന് മുകളിലേക്ക് വരെ എത്തി. ഇതോടെ ഡല്‍ഹിയുടെ എ ഐ സി സി ആസ്ഥാനും ഹരിയാനയിലെ പാർട്ടി നേതാക്കളുടേയും വീടുകള്‍ക്ക് മുമ്പില്‍ വരേയും കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു.
എന്നാല്‍ വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടതിന് ശേഷമാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ബി ജെ പി മുന്നേറ്റം ആരംഭിച്ചത്. ആ മുന്നേറ്റം അവരെ തുടർച്ചയായ മൂന്നാം തവണയും ഹരിയാനയില്‍ അധികാരത്തിലെത്തിക്കുകയും ചെയ്തു. ബി ജെ പിക്കും കോണ്‍ഗ്രസിനും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് ഉയർത്താന്‍ സാധിച്ചപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ജെ ജെ പിക്കാണ്.
കേവല ഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണ വേണ്ട സംസ്ഥാനത്ത് 40 സീറ്റുകളിലാണ് ബി ജെ പി ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. എട്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 31 സീറ്റില്‍ വിജയിച്ചപ്പോള്‍ ആറിടത്ത് ലീഡുണ്ട്. ഐ എന്‍ എല്‍ ഡി ഒന്നുവീതം സീറ്റുകളില്‍ വിജയിക്കുകയും ലീഡ് നേടുകയും ചെയ്തിട്ടുണ്ട്. മൂന്നിടത്ത് സ്വതന്ത്രരും വിജയിച്ചു. കഴിഞ്ഞതവണ പത്ത് സീറ്റ് നേടിയ ജെ ജെ പിക്ക് ഇത്തവണ ഒരിടത്ത് പോലും വിജയിക്കാന്‍ സാധിച്ചില്ല.












Click it and Unblock the Notifications