പിസി ജോർജ് അറസ്റ്റിൽ;എആർ ക്യാമ്പിൽ ജോർജിനെ കാണാനെത്തി മന്ത്രി വി മുരളീധരൻ.. തടഞ്ഞ് പോലീസ്
തിരുവനന്തപുരം; വിദ്വേഷ പ്രസംഗത്തിൽ മുൻ എം എൽ എ പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം നന്ദാവനം എആർ ക്യാമ്പില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തിയിരുന്നു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ച അഞ്ചു മണിയോടെ ജോര്‍ജിനെ കസ്റ്റിഡിയിലെടുത്തത്. തുടർന്ന് രാവിലെയോടെ ജോർജിനെ തിരുവനന്തപുരത്തേക്ക് എത്തിക്കുകയായിരുന്നു.

ഫോർട്ട് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പോലീസ് നീക്കം. എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് എ ആർ ക്യാമ്പിലേക്ക് മാറ്റിയത്. അതിനിടെ തിരുവനന്തപുരത്തേക്ക് ജോർജിനെ കൊണ്ടുവന്ന വാഹനം ബി ജെ പി പ്രവർത്തകർ തടയുന്ന സാഹചര്യം ഉണ്ടായി. വട്ടപ്പാറയില്‍ ബി ജെ പി പഠനശിബിരത്തില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരായിരുന്നു അപ്രതീക്ഷിതമായി വാഹനം തടഞ്ഞത്. പി സി ജോർജിന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടും കസ്റ്റഡിയില്‍ പ്രതിഷേധിച്ചുമാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് പി സി ജോർജിനെയും കൊണ്ട് വാഹനം മുന്നോട്ട് നീങ്ങിയത്.
അതേസമയം പട്ടത്ത് വെച്ച് പിസി ജോർജിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. പിസിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ ചീമുട്ട എറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇവരേയും പോലീസ് ഇടപെട്ട് മാറ്റുകയായിരുന്നു.
അതിനിടെ ജോർജിനെ കാണാൻ കേന്ദ്ര മന്ത്രി വി മുരളീധരനും മറ്റ് ബി ജെ പി നേതാക്കളും എ ആർ ക്യാമ്പിലെത്തിയെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. ഇതോടെ മന്ത്രിയും സംഘവും മടങ്ങി. ജോര്‍ജിനെതിരായ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
'നമ്മുടേത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ്. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ സ്വാതന്ത്ര്യം വേണമെന്നു പറയുന്നവരാണ് സിപിഎമ്മുകാർ. ദില്ലി യൂണിവേഴ്സിറ്റിയിൽ നമ്മളത് കണ്ടതാണ്. ഈ രാജ്യത്തെ വെട്ടിനുറുക്കാൻ മുദ്രാവാക്യം വിളിക്കുന്നവർക്ക് അതിന് സ്വാതന്ത്ര്യം ഉണ്ടെന്ന് നിലപാട് എടുത്തവരാണ് സി പി എം. പിസി ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അദ്ദേഹം ആരേയും വെട്ടിക്കൊന്നിട്ടില്ല. അരിഞ്ഞ് തള്ളിയവരെ അറസ്റ്റ് ചെയ്യാൻ കാണിക്കാത്ത തിടുക്കം പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ എന്തുകൊണ്ടാണ് കാണിക്കുന്നത്'.
ഇസ്ലാമിക ഭീകരവാദികൾ കൊന്നു തള്ളിയ പാലക്കാടെ ശ്രീനിവാസന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പി സി ജോർജ് ഭീകരവാദിയല്ല, അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ്. അത്തരമൊരാളെ അറസ്റ്റ് ചെയ്യാൻ ഇത്ര വലിയ തിരക്ക് എന്തിനാണ്? യൂത്ത് ലീഗ് പരാതിപ്പെട്ടാൽ മണിക്കൂറുകൾക്കുള്ളിൽ സർക്കാർ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യും. എന്നാൽ ബി ജെ പിക്കാരെ വെട്ടിക്കൊന്നാൽ ഇവിടെ ചോദിക്കാൻ ആരുമില്ല. എ ആർ ക്യാമ്പിലെത്തുന്ന കേന്ദ്രമന്ത്രിക്ക് പോലും അനുമതി നിഷേധിക്കുന്ന സാഹചര്യം ആണ് കേരളത്തിൽ ഉള്ളതെന്നും ഇതാണോ കേരളത്തിലെ ജനാധിപത്യം. സർക്കാർ നടപ്പാക്കുന്നത് ഇരട്ട നിതിയാണ്. ആരെ പ്രീണിപ്പിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പൊതുജനങ്ങൾക്ക് മനസിലാകുമെന്നും വി മുരളീധരൻ ചോദിച്ചു.
മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നതെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണെന്നും ജോർജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.












Click it and Unblock the Notifications