തെറ്റ് ചെയ്യാത്തിടത്തോളം കാലം രാജി വെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തരൂര്‍
തിരുവനന്തപുരം: താന്‍ തെറ്റ് ചെയ്യാത്തിടത്തോളം കാലം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. ശശി തരൂരിന്റെ രാജിക്കായി മുറവിളി കൂട്ടുന്നവരോട് തരൂര്‍ പ്രതികരിച്ചതിങ്ങനെയാണ്. ഏത് അന്വേഷണത്തിനും സഹകരിക്കാന്‍ താന്‍ തയ്യാറാണ്. തന്റെ വിധി നിര്‍ണ്ണയിക്കാന്‍ നിയമത്തിനല്ലാതെ മറ്റാര്‍ക്കും അവകാശമില്ലെന്നും തരൂര്‍ പറഞ്ഞു.
ഒരു ആരോപണങ്ങളും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ പ്രചരിക്കുന്നതിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് നേടിയ വിശ്വാസം വലിച്ചെറിഞ്ഞ് പോകാന്‍ സാധിക്കില്ലെന്നും തരൂര്‍ പറഞ്ഞു. താന്‍ എപ്പോഴും നിയമത്തെ ബഹുമാനിച്ചിട്ടേയുള്ളൂ, ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതുവരെ തന്റെ ജീവിതം കറപുരളാത്തതാണ്. തന്റെ രാജി ആവശ്യപ്പെടുന്നവരുടെ നിലപാടുകള്‍ അസംബന്ധമാണെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ മന്ത്രി എന്ന നിലയിലോ പാര്‍ലമെന്റേറിയന്‍ എന്ന നിലയിലോ താന്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ഇതിനിടയില്‍ മാധ്യമങ്ങളെയും തരൂര്‍ വിമര്‍ശിച്ചു. കള്ളക്കഥകള്‍ ചമയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നാണ് തരൂര്‍ പറഞ്ഞത്.
ഇതിന്റെ പേരില്‍ രാജിവെക്കാന്‍ താന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ല. ബിജെപിയിലേക്ക് ചേരാന്‍ താന്‍ താത്പര്യപ്പെടുന്നില്ല. അങ്ങനെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.












Click it and Unblock the Notifications