Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ നേതാക്കളുടെ ആര്‍ഭാട ജീവിതം ശ്രദ്ധിച്ചിട്ടുണ്ടോ?: യച്ചൂരിയോട് 10 ചോദ്യങ്ങളുമായി സുധാകരന്‍

 k-sudhakaran-

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ആരോപണം ഉന്നയിക്കുന്ന വ്യക്തിയും അന്വേഷണ ഏജന്‍സികളും പുറത്തുവിട്ടെങ്കിലും അധരവ്യായമത്തിലൂടെ എത്രനാള്‍ സ്വന്തം തെറ്റുകളെ മുഖ്യമന്ത്രിക്ക് ന്യായീകരിക്കാനാകുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയോടാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിഷയത്തിലുള്‍പ്പടെ പത്ത് ചോദ്യങ്ങളുമായി കെ സുധാകരന്‍ രംഗത്ത് വന്നിരിക്കുന്നത്. കെ പി സി സി അധ്യക്ഷന്റെ പത്ത് ചോദ്യങ്ങള്‍ ഇങ്ങനെ..

1) ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ആരോപണം ഉന്നയിക്കുന്ന വ്യക്തിയും അന്വേഷണ ഏജന്‍സികളും പുറത്തുവിട്ടെങ്കിലും അധരവ്യായമത്തിലൂടെ എത്രനാള്‍ സ്വന്തം തെറ്റുകളെ മുഖ്യമന്ത്രിക്ക് ന്യായീകരിക്കാനാകും? ലൈഫ്മിഷനില്‍ വീടുനിര്‍മിക്കാന്‍ സംഭാവന ലഭിച്ച 20 കോടി രൂപയില്‍ 9.25 കോടിയും കോഴപ്പണമാക്കിയെന്നത് ഗുരുതര ആരോപണമാണ്. അതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എന്തൊക്കെയോ ഒളിക്കാനുള്ളതുകൊണ്ടല്ലേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി സിബിഐ അന്വേഷണത്തെ അട്ടിമറിച്ചതും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റില്‍നിന്ന് സുപ്രധാന ഫയലുകള്‍ കടത്തിയതും? ദേശീയമാധ്യമങ്ങള്‍ വരെ ഈ സംഭവം വിപുലമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ സത്യാവസ്ഥ കണ്ടെത്തേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് കൂടി അനിവാര്യമല്ലേ? നിഷ്പക്ഷമായ അന്വേഷണത്തോട് സഹകരിക്കാന്‍ സംസ്ഥാന ഘടത്തിന് നിര്‍ദ്ദേശം നല്‍കുമോ?.

2) പിണറായി വിജയന്‍ അധ്യക്ഷനായ ലൈഫ് മിഷനിലെ കോഴക്കേസില്‍ സിബിഐ അന്വേഷണത്തിന് എതിരേ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ താങ്കള്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുമോ? തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കേണ്ടത് മുന്‍കാല തെറ്റുകള്‍ തിരുത്തിക്കൊണ്ടായിരിക്കേണ്ടേ? കുറഞ്ഞകാലയളവിലെ സംഘടനാപ്രവര്‍ത്തനത്തിലൂടെ വന്‍സമ്പത്ത് വാരിക്കൂട്ടിയവരെക്കുറിച്ച് സിപിഐഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖയില്‍ പരാമര്‍ശം ഉണ്ടായത് സമകാലിക സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണോ?.

 sitaram

3) മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നു നടത്തിയ സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ അഴിമതിയിലും മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലടയ്ക്കപ്പെട്ട സാഹചര്യത്തില്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകുമോ? സ്വപ്ന സുരേഷിന് മുഖ്യന്ത്രി നിര്‍ദേശിച്ച പ്രകാരമാണ് സര്‍ക്കാര്‍ ജോലി നല്കിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നത്. പിണറായി വിജയന്റെ സാമ്പത്തിക അപ്രമാധിത്വത്തിന് മുന്നില്‍ ദേശീയ നേതൃത്വം കീഴടങ്ങിയോ? സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കേന്ദ്രനേതൃത്വത്തിനു താല്‍പ്പര്യമില്ലേ?.

4) മട്ടന്നൂരില്‍ ശുഹൈബ് എന്ന ചെറുപ്പക്കാരനെ കൊന്നതു താനണെന്നും സിപിഐഎം നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ആണിതെന്നുമുള്ള ഈ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ തുറന്നുപറച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ. വെട്ടാനും കൊല്ലാനും പരിശീലനം നല്‍കുന്ന പാര്‍ട്ടിയായി സിപിഐഎമ്മെന്ന തൊഴിലാളിവര്‍ഗ പാര്‍ട്ടി അധഃപതിച്ചു. സിപിഐഎം ബോംബുകളും വടിവാളുകളും നിര്‍മ്മിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന ഭീകരപ്രസ്ഥാനമായി മാറി. എന്നിട്ടും ദേശീയ നേതൃത്വം എന്തുകൊണ്ടാണ് അതിനു നേരേ കണ്ണടയ്ക്കുന്നത്? മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെയും കൂടപ്പിറപ്പുകളുടെയും ദുഃഖത്തിന് സാന്ത്വനമേകാന്‍ പോളിറ്റ് ബ്യൂറോയ്ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക?.

5) തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഐഎമ്മിന്റെ കേരള നേതാക്കളുടെ ആര്‍ഭാട ജീവിതം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്റെ ഉടമസ്ഥയില്‍ കണ്ണൂരിലുള്ള വന്‍കിട ആയൂര്‍വേദ റിസോര്‍ട്ടിന്റെ ധനസമാഹരണവും ഇതിലെ ക്രമക്കേടും സംബന്ധിച്ച് മുന്‍ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജന്‍ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഭയപ്പെടുന്നത് എന്തിനാണ് ? ഇതിന്റെ സത്യാവസ്ഥ ജനങ്ങളെയും അണികളെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കില്ലേ? കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇടപെട്ട് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുമോ?.

6) പിണറായി സര്‍ക്കാര്‍ ഈയിടെ കേരളത്തില്‍ പ്രാണവായു ഒഴികെ എല്ലാത്തിനും നികുതി കൂട്ടിയത് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. കേന്ദ്രസര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനവിനെതിരെ സമരം ചെയ്യുകയും ഭരണത്തില്‍ ഇരിക്കുന്ന സംസ്ഥാനത്തില്‍ മോദിയുടെ അതേ നടപടി ആവര്‍ത്തിക്കുകയുമല്ലേ സിപിഐഎം ചെയ്യുന്നത്. ഭരണത്തിലിരിക്കുമ്പോള്‍ സിപിഐഎമ്മും ബിജെപിയും തമ്മിലെന്താണ് വ്യത്യാസം? ഇന്ധനസെസിനെതിരേ സമരം നടത്തിയ കേന്ദ്രനേതൃത്വം എന്തുകൊണ്ട് പിണറായി സര്‍ക്കാരിന്റെ ഇത്തരം തെറ്റായ നടപടി തിരുത്താന്‍ തയ്യാറാകുന്നില്ല? പിണറായി വിജയന്റെ മുന്നില്‍ സിപിഐഎം ദേശീയ നേതൃത്വം പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ട ഗതികേടിലേക്ക് അധഃപതിച്ചോ?.

7) പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നത് പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകളാണ് എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നു. ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എക്കെതിരെ പാര്‍ട്ടിയിലെ യുവ വനിതാ സഖാവ് നല്‍കിയ പീഡന പരാതിയില്‍ വാദിയെ പ്രതിയാക്കാന്‍ നോക്കിയതും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ ആരോപണവിധേയനെതിരെ നടപടിയെടുത്തതും ഈ പാര്‍ട്ടിയല്ലേ? ഇതു സംബന്ധിച്ച് അന്വേഷണം വല്ലതും നടന്നിട്ടുണ്ടോ സഖാവേ? കണ്ണൂരില്‍ ഒരു യുവപാര്‍ട്ടി പ്രവര്‍ത്തക തന്റെ ഭര്‍ത്താവും സിപിഎം സംരക്ഷണത്തിലുള്ള ഗുണ്ടയുമായ വ്യക്തിക്കെതിരേ പൊട്ടിക്കരഞ്ഞ് പരസ്യമായി രംഗത്തുവന്നിട്ടും എന്തു നടപടി സ്വീകരിച്ചു? സ്ത്രീ ശാക്തീകരണത്തെയും സുരക്ഷയെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഐഎം നേതാക്കളില്‍നിന്നും പാര്‍ട്ടി അംഗങ്ങളായ സ്ത്രീകള്‍ക്കു പോലും തിക്താനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. പീഡന വീരന്‍മാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്താന്‍ നിങ്ങള്‍ തയ്യാറാകുമോ?.

8) ലഹരിയുടെ പ്രചാരകരും വില്‍പ്പനക്കാരുമായി മാറിയ ഡിവൈഎഫ്‌ഐക്കാര്‍ സമീപകാലത്ത് നിരവധി ലഹരിക്കേസുകളില്‍ പ്രതിസ്ഥാനത്താണ്. ലഹരിക്കെതിരായ ബോധവത്കരണം സിപിഎമ്മില്‍നിന്ന് തുടങ്ങേണ്ട അവസ്ഥയാണ്. സിപിഎം നേതാക്കളും പ്രവര്‍ത്തകരും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള വിനാശകരമായ ബിസിനസുകളില്‍ ഏര്‍പ്പെടുന്നു. ഭരണത്തണലില്‍ മയക്കുമരുന്നു ലഹരിയിലാണ്ട ഇവര്‍ നാട്ടില്‍ കൊലപാതകവും ക്വട്ടേഷനുമായി വിലസുമ്പോള്‍ യുവനേതൃനിരക്ക് നേര്‍വഴികാട്ടി സംസ്ഥാനത്തെ മദ്യലഹരി മാഫിയില്‍നിന്നു രക്ഷിക്കാന്‍ ഒരു തിരുത്തല്‍ ശക്തിയായി കേന്ദ്രനേതൃത്വം മാറുമോ?.

9) സംസ്ഥാനത്തെ സര്‍ക്കാര്‍ നിയമനങ്ങളെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ അപഹരിക്കുകയും അര്‍ഹതയുള്ളവര്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമുണ്ട്. തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള കേരളത്തിലെ യുവജനങ്ങള്‍ വന്‍തോതില്‍ വിദേശത്തേക്ക് കുടിയേറുന്നത് ഇവിടത്തെ സാഹചര്യങ്ങളില്‍ മനംമടുത്താണ്. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥയും കേരളത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരം കാണാനുള്ള ബാധ്യതയില്ലേ? മുമ്പ് സമ്പന്ന സംസ്ഥാനമായിരുന്ന കേരളം ഇന്ന് വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കു കൂപ്പുകുത്തുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന് ഒരു മുന്നറിയിപ്പെങ്കിലും കൊടുക്കാനുള്ള ബാധ്യത നിങ്ങള്‍ക്കില്ലേ?.

10) ഏറ്റവുമൊടുവില്‍ നടന്ന വകുപ്പ് അധ്യക്ഷന്മാരുടെ യോഗത്തില്‍, സ്വതന്ത്രവും നിഷ്പക്ഷവുമായ ഭരണനിര്‍വഹണം പാര്‍ട്ടി ഇടപെടല്‍ മൂലം സാധിക്കാത്ത സാഹചര്യമാണെന്നു ഗവ. സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി പറഞ്ഞിരിക്കുകയാണ്. നിരവധി ഉന്നതോദ്യോഗസ്ഥര്‍ കേരളത്തില്‍നിന്ന് ഡെപ്യുട്ടേഷന്‍ വാങ്ങി പലായനം ചെയ്യുന്നതുമൂലം ഉണ്ടായിട്ടുള്ള ഭരണസ്തംഭനം ഒഴിവാക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടുമോ?.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+