വഴങ്ങാതെ എകെ ശശീന്ദ്രൻ; 'രാജിക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല, എംഎൽഎ സ്ഥാനവും രാജിവെക്കില്ല'
തിരുവനന്തപുരം: മന്ത്രി സ്ഥാനം രാജിവെയ്ക്കുന്നത് ആലോചനയിൽ പോലും ഇല്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഇന്നത്തെ എൻസിപി യോഗത്തിൽ രാജിക്കാര്യം ചർച്ചയായിട്ടില്ല. എംഎൽഎ സ്ഥാനം രാജിവെയ്ക്കാൻ അനുവദിക്കണമെന്നതെല്ലാം മുൻപ് പറഞ്ഞ കാര്യങ്ങളാണ്. ഇപ്പോൾ അതിനും പ്രസക്തിയില്ലെന്നും എ കെ ശശീന്ദ്രൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'രാജിവെയ്ക്കണമെന്ന വിഷയമേ എന്റെ മുൻപിൽ ഇപ്പോൾ ഇല്ല. എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന താത്പര്യം ഞാൻ പ്രകടിപ്പിച്ചിട്ടില്ല. ഇത് സംബന്ധിച്ചൊരു പൊതുതാത്പര്യം മുൻപ് പറഞ്ഞതാണ്. അതിനൊന്നും ഇപ്പോൾ പ്രസക്തിയില്ല', അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ നിന്നും എ കെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള ചർച്ചകളാണ് എൻസിപിയിൽ നടക്കുന്നത്. എന്നാൽ രാജിക്കാര്യത്തിൽ വഴങ്ങാൻ ഇതുവരേയും ശശീന്ദ്രൻ തയ്യാറായിട്ടില്ല. രാജിവെയ്ക്കണമെങ്കിൽ എംഎൽഎ സ്ഥാനവും രാജിവെയ്ക്കുമെന്നതാണ് ശശിന്ദ്രൻ ഉയർത്തുന്ന ഭീഷണി. അതിനിടെ ഇന്ന് എൻസിപി യോഗം ചേർന്നെങ്കിലും എകെ ശശീന്ദ്രനെ മാറ്റുന്നത് സംബന്ധിച്ചുള്ള ചർച്ചകളൊന്നും നടന്നിട്ടില്ലെന്.

രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ തന്നെ മന്ത്രി സ്ഥാനത്തിനായി കുട്ടനാട് എംഎൽഎ ആയ തോമസ് കെ തോമസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നേതൃത്വം വഴങ്ങാതിരുന്നതോടെ അന്ന് വലിയ കലാപമാണ് പാർട്ടിയിൽ ഉടലെടുത്തത്. രണ്ട് വർഷം കഴിഞ്ഞ് ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയണമെന്ന ഉപാധിയും തോമസ് കെ മുന്നോട്ട് വെച്ചെങ്കിലും ശശീന്ദ്രൻ അംഗീകരിച്ചിരുന്നില്ല. പാർട്ടി അധ്യക്ഷനായ പിസി ചാക്കോയുടെ പിന്തുണയുടെ ബലത്തിലായിരുന്നു ശശീന്ദ്രൻ ഈ ആവശ്യങ്ങൾ തള്ളിയത്. പിസി ചാക്കോയ്ക്ക് തോമസ് കെ തോമസിനോട് താത്പര്യമില്ലെന്നതും ശശീന്ദ്രന് ധൈര്യം പകർന്നു.
എന്നാൽ അടുത്തിടെ പിസി ചാക്കോയും തോമസ് കെ തോമസും തമ്മിലുണ്ടായിരുന്ന അകൽച്ച മതമേലധ്യക്ഷൻമാർ ഇടെപെട്ട് പരിഹരിച്ചു. ഇതോടെയാണ് തനിക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം തോമസ് കെ തോമസ് കടുപ്പിച്ചത്. എൻസിപിയിൽ ഭൂരിപക്ഷം ജില്ലാ അധ്യക്ഷൻമാരുടെ പിന്തുണയും തോമസിനുണ്ട്. അതേസമയം രാജിയില്ലെന്ന് ശശീന്ദ്രൻ ആവർത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇനി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രശ്ന പരിഹാരത്തിനായി തോമസ് കെ തോമസ് മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. ദേശീയ അധ്യക്ഷൻ തോമസ് കെ തോമസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അതേസമയം മന്ത്രിസ്ഥാനം ഒഴിയുകയാണെങ്കിൽ എംഎൽഎ സ്ഥാനവും രാജിവെയ്ക്കണമെന്ന ശശീന്ദ്രന്റെ നിലപാട് അംഗീകരിക്കാൻ ആകില്ലെന്ന് തോമസ് കെ തോമസ് വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. പാർട്ടി തന്നെ ഏത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും അത് ഭംഗിയായി നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications