ശബരിമലയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. ഇരുമുടിക്കെട്ടിൽ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മണ്ഡലകാലം മുതൽ ഉത്തരവ് നടപ്പിലാക്കണമെന്നാണ് നിർദ്ദേശം. എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളും സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് അറിയിപ്പ് കൈമാറാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പി ആർ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.

നെയ് നിറച്ച നാളികേരം, വെറ്റില, അടയ്ക്ക,കാണിക്ക, മഞ്ഞൾ പൊടി, അരി,ശർക്കര, അവിൽ ,മലർ എന്നി സാധനങ്ങൾ മാത്രമെ ഇരുമുടിക്കെട്ടിൽ കൊണ്ടുപോകാൻ പാടുള്ളു. ശബരിമലയിലേയും പമ്പയിലേയും പ്ലാസ്റ്റിക് കച്ചവടം തടയണമെന്നും നിർദ്ദേശമുണ്ട്. കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സന്നിധാനത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഖ്യാതങ്ങൾ ഉണ്ടാക്കുന്നുവെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് കോടതി ശരിവച്ചു.
മുൻപും സർക്കാർ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോയിരുന്നില്ല. സമ്പൂർണ പ്ലാസ്റ്റിക് നിരോധനമെന്ന വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ മാലിന്യ പ്രശ്നത്തിന് ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications