'മത്സരിക്കാനുള്ള തീരുമാനം ഒറ്റക്കെടുത്തത്, സ്ഥിരത ഇല്ലാത്ത നേതാവ്'; തരൂരിനെതിരെ കേരള നേതാക്കൾ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ടും ശശി തരൂരും മത്സരിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലായി വന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥാനാർത്ഥിയായി ഗെഹ്ലോട്ട് എത്തുമ്പോൾ ജി23 സ്ഥാനാർത്ഥിയായെത്തുന്ന തരൂരിന് എത്രത്തോളം പിന്തുണ ലഭിക്കുമെന്നാണ് ഉയരുന്ന ചോദ്യം. കേരളത്തിൽ നിന്ന് പോലും അദ്ദേഹത്തിന് പിന്തുണ ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ ശശി തരൂരിനെതിരെ രംഗത്തെത്തി കഴിഞ്ഞു.

രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരത ഇല്ലാത്ത വ്യക്തിയാണ് ശശി തരൂർ എന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. നിരവധി രാഷ്ട്രീയ വഴികള്‍ ഇപ്പോഴുമുണ്ടെന്നാണ് അടുത്തിടെ തരൂർ പറഞ്ഞത്. ഇതിൽ നിന്ന് തന്നെ അദ്ദേഹത്തിനറെ സ്ഥിരത ഇല്ലായ്മ വ്യക്തമാണ്. രാഹുൽ ഗാന്ധിയാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകേണ്ടത്.അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ വരാൻ ഏറ്റവും ഉചിതമായ സമയം ഇതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കേരള ഘടകം സ്ഥാനാർത്ഥികളുടെ പേര് മുന്നോട്ട് വെച്ചിട്ടില്ലെന്ന് അധ്യക്ഷൻ കെ സുധാകരൻ തന്നെ വ്യക്തമാക്കിയതാണ്. മത്സരിക്കണമോയെന്നത് ശശി തരൂർ തീരുമാനിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം തരൂർ മത്സരിക്കുകയാണെങ്കിൽ അത് ഗൗരവമായി കാണില്ലെന്നായിരുന്നു പാർട്ടി എംപി കൂടിയായ കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം.തരൂരിനെ സംബന്ധിച്ചെടുത്തോളം അദ്ദേഹം സ്വയം എടുത്ത തീരുമാനമാണ്. പാർട്ടിയിലെ ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നവരാണ് അധ്യക്ഷൻമാരുക. തരൂരിന്റെ മത്സരം പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കാൻ തയ്യാറായില്ലേങ്കിൽ എല്ലാവർക്കും സ്വീകാര്യനായ ഒരാൾ ആ സ്ഥാനത്തേക്ക് വരണമെന്നാണ് ആഗ്രഹമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

നെഹ്‌റു കുടുംബം അംഗീകരിക്കുന്നവരെ മാത്രമേ പിന്തുണയ്ക്കുകയുള്ളുവെന്ന് കെ മുരളീധരനും പ്രതികരിച്ചു.'നോമിനേഷൻ കൊടുക്കുന്നവരെല്ലാം മത്സരിക്കണമെന്നില്ല. 30 ന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാനാകൂ. കോൺഗ്രസിൽ ജനാധിപത്യമുള്ളതിനാലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. നെഹ്റു കുടുംബത്തിനെതിരായ നിലപാട് സ്വീകരിക്കാൻ കേരള ഘടകം തയ്യാറായേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഗെഹ്ലോട്ട് ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർത്ഥിയായാൽ അദ്ദേഹത്തിനായിരിക്കും കെപിസിസിയുടെ പിന്തുണ.

അതിനിടെ തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ജി 23 യിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന.നേരത്തേ ഗാന്ധി കുടുംബം മത്സരിച്ചാലും സ്ഥാനാർത്ഥിയാകാം എന്ന നിലപാടിലായിരുന്നു തരൂർ. എന്നാൽ പിന്നീട് ഇ നിലപാടിൽ നിന്നും അദ്ദേഹം പിന്നോട്ട് പോകുകയായിരുന്നു. സമവായ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയാണ് തരൂർ പരിശോധിച്ചത്. ഇതിന്റെ ഭാഗമായി ഗെഹ്ലോട്ട് അടക്കമുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാൽ മത്സരത്തിൽ നിന്നും പിൻമാറുമെന്നും തരൂർ വ്യക്തമാക്കിയിരുന്നു. ഇത് ജി 23യ്ക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ജി 23 യുടെ സ്ഥാനാർത്ഥിയായി മനീഷ് തിവാരി എത്തുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. മത്സരിക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുളളിൽ നിലപാട് വ്യക്തമാക്കുമെന്നാണ് തരൂർ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹം മത്സരിക്കാനുള്ള ധൈര്യം കാണിക്കുമോയെന്നതാണ് ഉയരുന്ന ആകാംഷ.












Click it and Unblock the Notifications