'അവളെ അവന് ഒരുപാട് ഇഷ്ട്ടമായിരുന്നു, കൂടുതൽ സത്യങ്ങൾ പുറത്ത് വരേണ്ടതുണ്ട്', കുറിപ്പുമായി ഉബൈദ്
സുഹൃത്തായ ഫര്‍ഹാന്റെ മരണത്തില്‍ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് വ്‌ളോഗര്‍ ഉബൈദ്. കഴിഞ്ഞ ദിവസം എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാര്‍ക്കിലാണ് ഫര്‍ഹാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉബൈദിന്റെ ക്യാമറാമാന്‍ ആയിരുന്നു ഫര്‍ഹാന്‍. തനിക്കൊപ്പം നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന സുഹൃത്തായിരുന്നു ഫര്‍ഹാന്‍ എന്നും പോയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഉബൈദ് കുറിക്കുന്നു.
ഗ്രൗണ്ട് ഗാലറി പാര്‍ക്കിലെ ഊഞ്ഞാലിന്റെ ചങ്ങല കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് കഴിഞ്ഞ ദിവസം ഫര്‍ഹാന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍സുഹൃത്തിനൊപ്പമാണ് ഫര്‍ഹാന്‍ പാര്‍ക്കിലെത്തിയത്. ഇവിടെ വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിന് പിന്നാലെ ഫര്‍ഹാന്‍ കഴുത്തില്‍ ഊഞ്ഞാല്‍ ചങ്ങല കുരുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫർഹാന്റെ മരണത്തിൽ കൂടുതൽ സത്യങ്ങൾ പുറത്ത് വരേണ്ടതുണ്ടെന്നും ഉബൈദ് കുറിക്കുന്നു: 'ഫർഹാൻ... നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. Instagram-ൽ വന്ന ഒരു random message-ലൂടെയാണ് ഫർഹാനെ ഞാൻ പരിചയപ്പെടുന്നത്. ഒരിക്കൽ അവൻ എന്നോട് ചോദിച്ചു: "ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ?" ഞാൻ പറഞ്ഞത് ഒരേയൊരു വാക്കായിരുന്നു... "വാ..." അന്ന് തുടങ്ങിയ യാത്രയാണ്. ഏകദേശം ഒന്നര വർഷത്തോളം എന്റെ കൂടെ അവനുണ്ടായിരുന്നു. എവിടെ പോയാലും എന്റെ കൂടെ, എന്റെ എല്ലാ യാത്രകളിലും, സന്തോഷങ്ങളിലും, തിരക്കുകളിലും ഒരു നിഴൽ പോലെ അവനുണ്ടായിരുന്നു.

എനിക്ക് അവൻ വെറുമൊരു Cameraman ആയിരുന്നില്ല. എന്റെ നല്ലൊരു സുഹൃത്തായിരുന്നു. സൗഹൃദം എന്താണെന്ന് എന്നെ ശരിക്കും മനസ്സിലാക്കിത്തന്ന ഒരാളായിരുന്നു. ഒന്നും എന്നോട് ആവശ്യപ്പെടില്ല. എന്തെങ്കിലും കൊടുത്താലും ഒരു പരാതിയും പറയില്ല. എപ്പോഴും വിളിക്കും... "മച്ചാ, എവിടെയാ? മച്ചാ, എവിടെയാ?"
അവന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി. ഏകദേശം രണ്ട് മാസമായി അവൻ എന്റെ കൂടെയുണ്ടായിരുന്നില്ല. ഞാനും വീട്ടിലെ ചില ഹോസ്പിറ്റൽ കാര്യങ്ങളുമായി തിരക്കിലായിരുന്നു. എവിടെ പോയാലും എന്നെ വിളിക്കുന്ന അവൻ, അന്ന് മാത്രം വിളിച്ചില്ല... പിന്നെ ഞാൻ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണ്.
അവന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഞാൻ ഒരുപാട് ചോദിക്കാറില്ലായിരുന്നു. പക്ഷേ, അവന് ഒരുപാട് പ്രിയപ്പെട്ട ഒരാളുണ്ടായിരുന്നു. മൂന്ന് വർഷത്തിലധികം നീണ്ട ബന്ധം. അവളെ അവന് ഒരുപാട് ഇഷ്ട്ടമായിരുന്നു.. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പോലീസിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങൾ മാത്രമാണ് എനിക്കറിയാവുന്നത്. കൂടുതൽ സത്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. ആ സത്യം അറിയുന്നതുവരെ അവന്റെ കുടുംബത്തോടൊപ്പം ഞാനുണ്ടാകും.
ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് അവന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും അവൻ മാത്രമായിരുന്നു മകൻ എന്നതാണ്. ഫർഹാൻ, നീ എനിക്ക് ആരായിരുന്നുവെന്ന് ഒരുപക്ഷേ നിനക്ക് പോലും അറിയില്ലായിരുന്നിരിക്കാം. നിന്റെ ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം, ജീവിതത്തിൽ എന്തെങ്കിലും നേടണം... പക്ഷേ ഇത്ര പെട്ടെന്ന് നീ ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയില്ല. നീ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലടാ.
ഒരു കാര്യം മാത്രം ഞാൻ തീരുമാനിച്ചിട്ടുണ്ട്. എന്റെ ജീവിതകാലം മുഴുവൻ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാൻ കൂടെയുണ്ടാകും. നീ എനിക്ക് തന്ന സൗഹൃദവും സ്നേഹവും ഒരിക്കലും മറക്കില്ല. Rest in Peace Farhan. എല്ലാവരും അവനും അവന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. അവന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ'.


Click it and Unblock the Notifications
