പുതുവര്‍ഷ രാവില്‍ ഫോര്‍ട്ട് കൊച്ചിയിലേക്കാണോ? ഇക്കുറി കത്തിക്കുന്നത് 2 പപ്പാഞ്ഞികളെ: ക്രമീകരണങ്ങള്‍ അറിയാം
കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ എല്ലാ അലങ്കാരങ്ങളോടും പ്രൗഡിയോടും കൂടി ഒരുങ്ങി നില്‍ക്കുകയാണ് ഫോര്‍ട്ട് കൊച്ചി. വെളി മൈതാനത്തും പരേഡ് ഗ്രൗണ്ടിലുമായി ഇത്തവണ രണ്ടു പാപ്പാഞ്ഞികളെയാണ് ഫോര്‍ട്ടുകൊച്ചിയില്‍ പുതുവര്‍ഷ രാവില്‍ കത്തിക്കുന്നത്. രണ്ടു സ്ഥലങ്ങളിലുമായി ഒന്നരലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവ ദുരന്തത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. കാലങ്ങളായി പപ്പാഞ്ഞിയെ കത്തിച്ചാണ് ഫോര്‍ട്ട് കൊച്ചിക്കാര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പോയ വര്‍ഷത്തെ സങ്കടങ്ങളും നിരാശകളുമൊക്കെ പപ്പാഞ്ഞിയെ ഏല്‍പ്പിച്ച് കത്തിച്ചു കളയുന്നതോടെ സമ്പല്‍സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുതുവര്‍ഷം പിറക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം.

ഇക്കുറി രണ്ട് പാപ്പാഞ്ഞികളെയാണ് കത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വെളി ഗ്രൗണ്ടില്‍ ഗാല ഡി ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തിലും പരേഡ് ഗ്രൗണ്ടില്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും ആണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്. വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിക്ക് 55 അടിയോളം ഉയരമുണ്ട്. പരേഡ് ഗ്രൗണ്ടില്‍ 50 അടി ഉയരത്തിലുള്ള പപ്പാഞ്ഞിയെ ആണ് നിര്‍മ്മിക്കുന്നത്. വിദേശ വിനോദ സഞ്ചാരികള്‍ക്കായും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഇക്കുറി പ്രത്യേക പവലിയന്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് ചുറ്റും ബാരിക്കേറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നിരവധി സിസിടിവി ക്യാമറകള്‍, ആംബുലന്‍ സൗകര്യം, അഗ്‌നിരക്ഷാസേന ഉള്‍പ്പെടെ എല്ലാ എമര്‍ജന്‍സി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
രണ്ട് സ്ഥലങ്ങളിലും വിനോദ സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഹോട്ടലുകളില്‍ ഇക്കുറി വിനോദസഞ്ചാരികളുടെ റെക്കോര്‍ഡ് ബുക്കിംഗ് ആണ്. പുതുവത്സരാഘോഷങ്ങള്‍, കൊച്ചിന്‍ കാര്‍ണിവല്‍, ബിനാലെ തുടങ്ങി കൊച്ചിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കണ്ണിനു വിരുന്നൊരുക്കുന്ന നിരവധി കാഴ്ചകള്‍ ആണുള്ളത്. സമീപകാലത്ത് ഉണ്ടായിട്ടില്ലാത്ത വിധം ഫോര്‍ട്ട് കൊച്ചിയിലേക്ക് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ വെളി മൈതാനത്തെ കൂറ്റന്‍ മഴ മരത്തില്‍ ഒരുക്കിയ ക്രിസ്മസ് അലങ്കാരങ്ങള്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളെയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അതേസമയം വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കും ഇവിടെ അനുഭവപ്പെടുന്നുണ്ട്. പാര്‍ക്കിങ് പരിമിതമായതിനാല്‍ സ്വന്തം വാഹനം എടുക്കാതെ യൂബറിനോ മറ്റോ വരുന്നതായിരിക്കും ഏറ്റവും നല്ലത്.












Click it and Unblock the Notifications