അധ്യാപകന്റെ ആത്മഹത്യ; ജെയിംസ് മാത്യുവിനെതിരെ കുറ്റപത്രം
ശ്രീകണ്ഠപുരം: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ സിപിഎം നേതാവും തളിപ്പറമ്പ എംഎല്‍എയുമായ ജെയിംസ് മാത്യവിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ടാഗോര്‍ വിദ്യാനികേതനിലെ അധ്യാപകന്‍ എം വി ഷാജി ഒന്നാം പ്രതിയും ജെയിംസ് മാത്യു രണ്ടാംപ്രതിയും ആയാണ് തളിപ്പറമ്പ് കോടതിയില്‍ 651 പേജുള്ള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചത്. ഐപിസി 306, 34 വകുപ്പുകള്‍ പ്രകാരം പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ഡിസംബര്‍ 15നാണ് ടാഗോര്‍ അധ്യാപകന്‍ ചുഴലി അരണൂരിലെ ഇ.പി. ശശിധരന്‍ കാസര്‍കോട്ടെ ഒരു ലോഡ്ജില്‍ തൂങ്ങിമരിച്ചത്. സഹാധ്യാപകന്‍ ഷാജിയും എംഎല്‍എയുമാണ് മരണത്തിന് കാരണക്കാരെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷിച്ചുവന്നത്. സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

സ്‌കൂളിലെ പുതിയ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ എംഎല്‍എ ഇടപെട്ടുവെന്നും ഇക്കാര്യത്തില്‍ തനിക്ക് ഭീഷണിയുണ്ടായിരുന്നെന്നുമാണ് അധ്യാപകന്റെ കത്തിലെ സൂചന. ജെയിംസ് മാത്യു എംഎല്‍എ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും അധ്യാപകന്‍ പറഞ്ഞിരുന്നു.
എന്നാല്‍ അധ്യാപകന്റെ കത്തിലെ ആരോപണം തീര്‍ത്തും അവാസ്തവമെന്നാണ് എംഎല്‍എ പ്രതികരിച്ചത്. അധ്യാപകനെ ഫോണ്‍ വിളിച്ചിരുന്നെങ്കിലും ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന് ജെയിംസ് മാത്യു പറയുന്നു.












Click it and Unblock the Notifications