വേണ്ട മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും കേരളത്തിൽ തന്നെ, ആരോഗ്യ-വ്യവസായ വകുപ്പുകളുടെ ചർച്ച
തിരുവനന്തപുരം: സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നതിന്റെ സാധ്യത സംബന്ധിച്ച് ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെഎംഎസ്സിഎല്‍., കെഎസ്ഡിപിഎല്‍. മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിയുണ്ടാക്കും. കോവിഡ് മൂന്നാം തരംഗത്തില്‍ ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ. കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുന്നതിനാണ് ഇരു വകുപ്പുകളുടേയും സംയുക്ത യോഗം വിളിച്ചത് എന്ന് മന്ത്രി അറിയിച്ചു.
ആരോഗ്യ മേഖലയ്ക്കാവശ്യമായ സുരക്ഷാ സാമഗ്രികളും മെഡിക്കല്‍ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകും. മറ്റ് സംസ്ഥാനങ്ങളിലെ പല വ്യവസായ ശാലകളും കോവിഡായതിനാല്‍ പൂട്ടിയതിനാല്‍ പല സുരക്ഷാ ഉപകരണങ്ങളുടേയും ലഭ്യതക്കുറവ് രണ്ടാം തരംഗത്തില്‍ ഉണ്ടായി. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ മേഖല ശക്തിപ്പെടുത്തി വരികയാണ്. ഇതോടൊപ്പം ആവശ്യമായ ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും മുന്‍കൂട്ടി ലഭ്യമാക്കണം. ഇത് കേരളത്തില്‍ നിന്നുതന്നെ ലഭ്യമാക്കിയാല്‍ ആഭ്യന്തര ഉത്പാദകര്‍ക്കും സഹായകമാകും.

സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്. കെ.എസ്.ഡി.പി.എല്‍. വഴി കൂടുതല്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാനായാല്‍ ചെലവ് കുറയ്ക്കാനും ആരോഗ്യ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കും. മരുന്ന് നിര്‍മ്മാണത്തില്‍ വ്യവസായ വകുപ്പ് ഗൗരവമായി ചിന്തിക്കുന്ന സമയത്ത് ആരോഗ്യ വകുപ്പ് മുന്നോട്ട് വന്നത് സന്തോഷകരമായ കാര്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
കോവിഡ് സുരക്ഷാ സാമഗ്രികള്‍ക്കൊപ്പം സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ കൂടി ഉത്പാദിപ്പിക്കാന്‍ കഴിയുമോ എന്ന പഠനം വ്യവസായ വകുപ്പില്‍ നടക്കുകയാണ്. കെ.എസ്.ഡി.പി.എല്‍. മരുന്ന് നിര്‍മ്മാണത്തില്‍ നല്ല രീതിയില്‍ മുന്നേറുകയാണ്. ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, വ്യവസായ വകുപ്പ് ഡയറക്ടര്‍ ഹരികിഷോര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍., കെ.എസ്.ഡി.ഡി.പി.എല്‍., കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications