കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ വയോജനങ്ങള്‍ക്ക് മാത്രമായി ഹെല്‍ത്ത് ക്ലബ്ബ്; നൂതന പദ്ധതിയുമായി മുട്ടില്‍ ഗ്രാമപഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വയോജനങ്ങള്‍ക്ക് മാത്രമായി ഹെല്‍ത്ത് ക്ലബ്ബൊരുക്കി ശ്രദ്ധേയമാവുകയാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത്. ഷുഗര്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള ജീവിതശൈലി രോഗങ്ങളെല്ലാം തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത് വയോജനങ്ങളെയാണ്. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഇത്തരത്തിലൊരു നൂതന പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.45 ലക്ഷം രൂപ ചെലവിട്ടാണ് ഹെല്‍ത്ത് ക്ലബ്ബ് സ്ഥാപിച്ചത്.

muttil

വയോജനങ്ങള്‍ക്ക് മാത്രമായുള്ള ഹെല്‍ത്ത് ക്ലബ്ബ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം ഉദ്ഘാടനം ചെയ്യുന്നു

1,75,204 രൂപയുടെ വ്യായാമ ഉപകരണങ്ങളാണ് ഹെല്‍ത്ത് ക്ലബ്ബില്‍ സജ്ജമാക്കിയിരിക്കുന്നത്. ഉപകരണങ്ങള്‍ പരിശീലിപ്പിക്കുന്നതിനും യോഗ പരിശീലനത്തിനുമായി പ്രത്യേക പരിശീലനം നേടിയ ഇന്‍സട്രക്ടര്‍മാരുമുണ്ടാവും. പ്രതിമാസം 7,000 രൂപ നിരക്കിലാണ് ഇത്തരത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിച്ചിരിക്കുന്നത്. ഹെല്‍ത്ത്ക്‌ലബ്ബിലെത്തുന്ന വയോജനങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം പോഷകസമ്പുഷ്ടമായ ആഹാരങ്ങള്‍ നല്‍കുന്നതിനായി ഒരു ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.

ഡോക്ടറുടെ ശുപാര്‍ശ പ്രകാരം വയോജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ തരത്തിലുള്ള എലിപ്റ്റിക്കല്‍ ഇഎല്‍20, സൈക്കിള്‍ ആര്‍ബി20, ട്രെഡ്മില്‍ ടി.എം.20, ഡംബെല്‍സ് എന്നീ ഉപകരണങ്ങളും ഹെല്‍ത്ത് ക്ലബ്ബില്‍ സജ്ജമാക്കിയിട്ടുണ്ട്. സ്‌നേഹ സ്പര്‍ശം എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരം പരിശീലനം ലഭിച്ച വനിതകള്‍ വീടുകള്‍ തോറും സന്ദര്‍ശിച്ച് ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവ പരിശോധിക്കുകയും, വ്യായാമം ആവശ്യമായ വയോജനങ്ങളെ ഹെല്‍ത്ത് ക്ലബ്ബിലേക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യും. ഇങ്ങനെയെത്തുന്ന വയോജനങ്ങളുടെ ബി.പി., ഷുഗര്‍ എന്നിവ പരിശോധിച്ച് അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ രജിസ്റ്ററില്‍ രേഖപ്പെടുത്തും. പഞ്ചയത്തിന്റെ കീഴിലുള്ള അലോപ്പതി, ഹോമിയോ, ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാസത്തില്‍ ഒരിക്കല്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. ഇവര്‍ക്ക് ആവശ്യമായ മരുന്ന് വിതരണവും നടത്തും. ഹെല്‍ത്ത് ക്ലബ്ബിലേക്ക് മുട്ടില്‍ നോര്‍ത്തില്‍ നിന്നും 25 പേര് അടങ്ങുന്ന ആദ്യ ബാച്ച് 8 മുതല്‍ 11.30 വരേയും മുട്ടില്‍ സൗത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 25 പേര് അടങ്ങുന്ന രണ്ടാമത്തെ ബാച്ച് 2.30 മുതല്‍ 5.30 വരേയും വ്യായാമം ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കഴിഞ്ഞു. ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് വയോജനങ്ങള്‍ക്ക് മാത്രമായി ഹെല്‍ത്ത് ക്ലബ്ബ് ഒരുക്കുന്നത്. ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തനോദ്ഘാടനം മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ബി ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു.

English summary
health club for oldage in mootil panchayath in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X