കൊവിഡ് പ്രതിരോധത്തിന് ഇടപെടണം: തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ നിയന്ത്രണങ്ങള്‍ കർശനമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. മാസ്ക് ധരിക്കാതെ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ളവർ പ്രചാരണത്തിനിറങ്ങുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും പോലീസ് ഇക്കാര്യം തള്ളുകയായിരുന്നു. ഇതോടെ ഇതേ ആവശ്യവുമായി ആരോഗ്യവകുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിൽ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യമുണ്ടായാൽ ആവശ്യാനുസരണം ചികിത്സയൊരുക്കാൻ സാധിക്കില്ലെന്നും ആരോഗ്യവകുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് ചികിത്സാ സംവിധാനങ്ങളെല്ലാം താളം തെറ്റിയ നിലയിലാണുള്ളത്. ഈ സാഹചര്യത്തിൽ മാർഗ്ഗ നിർദ്ദേശങ്ങള്‍ ലംഘിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് ഭീഷണിയാവുമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ദേശീയ നേതാക്കളിൽ പലരും പ്രചാരണത്തിനെത്തുമ്പോള്‍ മാസ്ക് ധരിക്കുന്നില്ല. സോഷ്യൽ ഡിസ്റ്റന്റ് പാലിക്കുന്നില്ലെന്നും നേതാക്കള്‍ തന്നെ ഇത്തരത്തിൽ കൊവിഡ മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിക്കുന്നതോടെ പാർട്ടി പ്രവർത്തകരും ഇതാവർത്തിക്കുന്നുണ്ട്. ഇതേ സാഹചര്യത്തിൽ തന്നെ മുന്നോട്ടുപോയാൽ കൊവിഡ് മരണനിരക്ക് വർധിക്കുമെന്നും ആരോഗ്യവകുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ പ്രചാരണത്തിനെത്തിയിട്ടുള്ള ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, അമിത് ഷാ, സീതാറാം യെച്ചൂരി എന്നിവർ ഉള്‍പ്പെടെയുള്ളവർ മാസ്ക് ധരിക്കുന്നില്ലെന്ന കാര്യവും ആരോഗ്യവകുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോള്‍ ഗ്ലൌസ് ഉള്‍പ്പെടെ ധരിച്ചാണ് എത്തിയിരുന്നതെങ്കിലും ഇപ്പോള്‍ അതെല്ലാം ലംഘിക്കുന്നതാണ് കാണാനാവുന്നതെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങളെല്ലാം വകുപ്പ് ഡിജിപിയെ ധരിപ്പിച്ചിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുള്ളത്.












Click it and Unblock the Notifications