കാന്‍സര്‍ നിര്‍ണയം ഇനിയും വൈകണ്ട; ഒരു മാസത്തിനുള്ളില്‍ സ്‌ക്രീനിങ് നടത്തിയത് 10 ലക്ഷം സ്ത്രീകള്‍ക്ക്
തിരുവനന്തപുരം: കാന്‍സര്‍ രോഗനിര്‍ണയത്തില്‍ നിര്‍ണായകമായ ചുവടുവയ്പ്പുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ കാമ്പെയ്‌ന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരാണ് കാന്‍സര്‍ സ്‌ക്രീനിങ് നടത്തിയത്. ആരോഗ്യ വകുപ്പ് നടപ്പാക്കിയ പദ്ധതിക്ക് വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ 1517 ആശുപത്രികളില്‍ സ്‌ക്രീനിങ്ങിനായുള്ള സംവിധാനങ്ങളൊരുക്കിയിരുന്നു.
വിവിധ തരം കാന്‍സര്‍ സ്‌ക്രീന്‍ ചെയ്തവരില്‍ ആകെ 42,048 പേര്‍ക്കാണ് കാന്‍സര്‍ സംശയിച്ചത്. ഇവരെ തുടര്‍ പരിശോധനകള്‍ക്കായി റഫര്‍ ചെയ്തു. 9,66,665 സ്ത്രീകള്‍ക്കാണ് സ്തനാര്‍ബുദ പരിശോധന നടത്തിയത്. അതില്‍ 20,530 പേരെ തുടര്‍ പരിശോധന നടത്താന്‍ റഫര്‍ ചെയ്തു. 7,72,083 പേരെ ഗര്‍ഭാശയഗളാര്‍ബുദത്തിന് സ്‌ക്രീനിങ് നടത്തി. അതില്‍ 22,705 പേരെ തുടര്‍ പരിശോധനയ്ക്കയച്ചു. 6,52,335 പേരെ വായിലെ കാന്‍സറിന് സ്‌ക്രീന്‍ ചെയ്തതില്‍ 2,383 പേരെ തുടര്‍ പരിശോധനയ്ക്കായി നിര്‍ദേശിച്ചു.

നിലവില്‍ 86 പേര്‍ക്കാണ് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും കാന്‍സര്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. കാമ്പയിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്.
സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളുടെ സ്‌ക്രീനിങ്ങും നടത്തുന്നുണ്ട്. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍പരിചരണവും ലഭ്യമാക്കുന്നതാണ്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കാന്‍സര്‍ ക്യാമ്പയിന്‍ വിജയമാക്കിയ സ്ത്രീ സമൂഹത്തിന് മന്ത്രി നന്ദി അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരുടെയും സഹകരണത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. സ്വകാര്യ ആശുപത്രി, സ്വകാര്യ ലാബുകള്‍ എന്നിവരും സഹകരിക്കുന്നുണ്ട്. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും.
ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സെക്രട്ടറിയേറ്റ് ജീവനക്കാര്‍, ടെക്നോപാര്‍ക്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു. ഇനിയും സ്‌ക്രീനിങ്ങിന് വിധേയമായിട്ടില്ലാത്തവര്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാല്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്താവുന്നതാണ്. എല്ലാവരും സ്‌ക്രീനിങ്ങില്‍ പങ്കെടുക്കണമെന്നും കാന്‍സര്‍ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications