കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബ്, മഹാനഷ്ടങ്ങളുടെ പേരാണ് സോണിയാ ഗാന്ധി! അർണബ് ഗോസ്വാമിയെ പൊളിച്ചടുക്കി കുറിപ്പ്, വൈറൽ

Google Oneindia Malayalam News

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ബിജെപിയും ബിജെപി അനുകൂല മാധ്യമങ്ങളും എക്കാലവും ആക്രമിക്കുന്നത് അവരുടെ ഇറ്റാലിയൻ ബന്ധം ഉയർത്തിക്കാട്ടിയാണ്. രാജീവ് ഗാന്ധിയെ വിവാഹം ചെയ്ത്, ഇന്ത്യൻ പൌരത്വം സ്വീകരിച്ച്, ഇന്ത്യക്കാരിയായി ജീവിക്കുന്ന സോണിയ അവർക്ക് ഇപ്പോഴും വിദേശിയാണ്. അതേസമയം കനേഡിയൻ പൌരത്വമുളള അക്ഷയ് കുമാർ ദേശസ്നേഹിയും.

Recommended Video

cmsvideo
Heart touching note on Congress Chief Sonia Gandhi | Oneindia Malayalam

സോണിയാ ഗാന്ധിയെ റിപ്പബ്ലിക് ടിവിയിൽ അർണബ് ഗോസ്വാമി അധിക്ഷേപിച്ചതും ഇത്തരത്തിൽ തന്നെയാണ്. അർണബ് ഗോസ്വാമിക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തുന്ന എഴുത്തുകാരൻ ലിജീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. വായിക്കാം:

അർണബ്, നിങ്ങൾ പറഞ്ഞത് നേരാണ്

അർണബ്, നിങ്ങൾ പറഞ്ഞത് നേരാണ്

''ലോക ചരിത്രത്തിൽ ഇങ്ങനെയേത് പെണ്ണുണ്ടാവും ? അങ്ങനെയേത് പെണ്ണുണ്ടോ, അവളുടെ പിന്നാലെ കാണും ആണഹന്തകൾ കൊണ്ട് നിർമ്മിച്ച ഒരു തെറിവണ്ടി !!അർണബ്, നിങ്ങൾ പറഞ്ഞത് നേരാണ്. എഡ്വിജ് അന്റോണിയ ആൽബിന മൈനോ എന്നായിരുന്നു അവളുടെ പേര്, സോണിയ എന്നായിരുന്നില്ല. നിങ്ങൾ പറഞ്ഞത് സത്യമാണ്. ഇറ്റലിയിലെ ലുസിയാന എന്ന ഒരു കൊച്ചുഗ്രാമത്തിലാണ് അവൾ ജനിച്ചത്, ഇന്ത്യയിലായിരുന്നില്ല. പിന്നീട് ഒരിന്ത്യക്കാരൻ അവളെ പ്രേമിച്ചു, കല്യാണം കഴിച്ചു - അവൾ സോണിയയായി.

രാജ്യം അവളെ നാണം കെടുത്തി

രാജ്യം അവളെ നാണം കെടുത്തി

ഒരുപാട് കഷ്ടപ്പെട്ടാണ് അവളിവിടുത്തെ ഭക്ഷണം കഴിക്കാൻ പഠിച്ചത്. മുട്ടറ്റം വരെയുള്ള പാവാടയിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ഈ രാജ്യം അവളെ നാണം കെടുത്തിയിട്ടുണ്ട്, ഭാരതീയതയുടെ മോറൽ ക്ലാസെടുത്തിട്ടുണ്ട്. അർണബ് സത്യമാണ്, പ്രധാനമന്ത്രിയുടെ മരുമകളുടെ കാല് കണ്ട് ഞെട്ടിയിട്ടുണ്ട് ഇന്ത്യ. അന്നത്തെ പടങ്ങളിൽ ഉടുക്കാനറിയാതെ ഉടുത്ത അവളുടെ സാരി കാണാം, ഉടുക്കാനിഷ്ടമില്ലാതെ ഉടുത്ത സാരി. അവളുടെ പേര് - ഭക്ഷണ ശീലങ്ങൾ - വസ്ത്രധാരണ രീതികൾ എല്ലാം അവൾക്ക് നഷ്ടമാവുകയായിരുന്നു.

അർണബ്, നിങ്ങൾക്കത് മനസിലാവില്ല

അർണബ്, നിങ്ങൾക്കത് മനസിലാവില്ല

വിവാഹം കഴിച്ച പെണ്ണുങ്ങൾക്ക് പറയാൻ ത്യജിച്ചതിൻ്റെ കഥയേ ഉണ്ടാവൂ അർണബ്, നിങ്ങൾക്കത് മനസിലാവില്ല. രാജീവിനെന്തിൻ്റെ കേടായിരുന്നു എന്ന നിങ്ങളുടെ ചോദ്യം ന്യായമാണ്, കെട്ടിടം പണികളുടെ കോൺ‌ട്രാക്റ്ററായി ജോലി നോക്കിയിരുന്ന ഒരു സാധാരണക്കാരനായിരുന്നു അവളുടെ അപ്പൻ. അങ്ങനെയൊരപ്പനെ അമ്മായിയപ്പനാക്കുന്നത് പ്രിവിലേജുകളുടെ ചൂടിൽ വിരാജിക്കുന്ന ഗോ സാമിമാർക്ക് ഇമാജിൻ ചെയ്യാൻ പോലും കഴിയില്ല. വലിയ വീട്ടിൽ ജനിക്കാത്ത പെണ്ണുങ്ങൾക്കറിയാം പ്രണയത്തിൻ്റെ ചൂടിൽപ്പോലും നേരംതെറ്റി തികട്ടുന്ന ഉൾഭയത്തിൻ്റെ പൊള്ളൽ. അർണബ്, നിങ്ങൾക്കത് മനസിലാവില്ല.

ഗാന്ധി ഈ ദേശത്തിൻ്റെ പേരാണ്

ഗാന്ധി ഈ ദേശത്തിൻ്റെ പേരാണ്

അവളും അവളുടെ ഭർത്താവും അമ്മായിയമ്മയും മക്കളുമെല്ലാം കൂടെ കൊണ്ട് നടക്കുന്ന ഈ 'ഗാന്ധി' കുടുംബപ്പേരല്ല - അത് നെഹ്രു കുടുംബമാണ് എന്ന് നിങ്ങൾ പറഞ്ഞത് സത്യമാണ് അർണബ്. മകളുടെ പേരിനൊപ്പം തൻ്റെ പേര് തൂക്കിയിടാതെ, തൻ്റെ ദേശത്തിൻ്റെ പേര് തൂക്കിയിട്ട നെഹ്രുവിൻ്റെ കുടുംബം. ആ രാഷ്ട്രീയം മനസിലാവണമെങ്കിൽ ആദ്യം നെഹ്രു ആരാണ് എന്ന് നിങ്ങൾ പഠിക്കണം, ഗാന്ധി എന്താണ് എന്നും. ഗാന്ധി ഈ ദേശത്തിൻ്റെ പേരാണ്, മഹത്തായ ഒരു ജീവിത ശൈലിയുടെ പേരാണ്. ആ പേരിനെ കൂടെ കൊണ്ടു നടക്കുക അത്ര എളുപ്പമല്ല.

വേവലാതി മനസിലാവാഞ്ഞിട്ടല്ല അർണബ്

വേവലാതി മനസിലാവാഞ്ഞിട്ടല്ല അർണബ്

കൊന്നു തള്ളിയിട്ടും തീരുന്നില്ലല്ലോ ഈ ഗാന്ധി !! പല രൂപത്തിൽ വന്ന്, പലരായി വന്ന്, പരമ്പര പരമ്പരയായി വന്ന്, വിടാതെ പിന്തുടരുന്നല്ലോ ഗാന്ധി എന്ന നിങ്ങളുടെ വേവലാതി മനസിലാവാഞ്ഞിട്ടല്ല അർണബ്. മറ്റൊരു പേര് പോലല്ല നിങ്ങൾക്ക് ഗാന്ധി എന്ന് എനിക്കറിയാം. ആ പേര് ഇന്ത്യൻ രാഷ്ട്രീയത്തിലുയരുമ്പോഴെല്ലാം നിങ്ങൾക്ക് പൊള്ളും. പിന്നെയും പിന്നെയും അയാളെ കൊല്ലാൻ തോന്നും, കുഴിച്ചുമൂടാൻ തോന്നും. അത് നിങ്ങളുടെ കുഴപ്പമല്ല അർണബ്, നിങ്ങൾ രാഷ്ട്രീയം പഠിച്ച സ്കൂളിൻ്റെ കുഴപ്പമാണ്.

സോണിയയുടെ മതമല്ല മക്കൾക്ക്

സോണിയയുടെ മതമല്ല മക്കൾക്ക്

സത്യമാണ് അർണബ്, റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്നു സോണിയ. 1970 ജൂണ്‍ 19 നും 1972 ജനുവരി 12 നും ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രി രജിസ്റ്ററിൽ ബേബി ഓഫ് സോണിയാ ഗാന്ധി എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന മക്കളുടെ മതക്കോളം ചികഞ്ഞ് നിങ്ങൾ കണ്ടെടുത്തത് നേരാണ്, സോണിയയുടെ മതമല്ല മക്കൾക്ക്. തൻ്റെ മതമേതെന്ന് സോണിയ പോലും മറന്നു കഴിഞ്ഞിരിക്കുന്നു. അതൊരു പ്ലേയല്ല അർണബ്, മനുഷ്യൻ മുതിരുന്നതിൻ്റെ അടയാളമാണത്.

വളർച്ച മുരടിക്കുന്നത് ഒരസുഖമാണ്

വളർച്ച മുരടിക്കുന്നത് ഒരസുഖമാണ്

'നരൻ ക്രമാൽ തന്റെ ശവം ചവിട്ടി / പൊകുന്നൊരിപ്പോക്കുയരത്തിലേക്കോ ?' എന്നു നാലപ്പാടൻ 'കണ്ണുനീർത്തുള്ളി'യിൽ എഴുതിയിട്ടുണ്ട്. 'that men may rise upon their dadselves to higher things' എന്ന് ടെന്നിസൺ 'ഇൻ മെമ്മോറിയ'ത്തിലും. ചില ശീലങ്ങളെ കൊന്നുകൊണ്ടുതന്നെയാണ് മനുഷ്യർ ഉയരത്തിലേക്ക് നടക്കുന്നത്. നിന്നേടത്ത് തന്നെ നിന്നു പോവുന്നവർക്ക് അതു മനസിലാവില്ല, വളർച്ച മുരടിക്കുന്നത് ഒരസുഖമാണ് - ഞാനതിനെ പഴിക്കില്ല.

ഇന്ത്യയെ അവൾ പഠിച്ചെടുത്തതാണ് അർണബ്

ഇന്ത്യയെ അവൾ പഠിച്ചെടുത്തതാണ് അർണബ്

അർണബ് സത്യമാണ്, ഹിന്ദി ഭാഷപോലും സോണിയ പഠിച്ചെടുത്തതാണ്. ഒരിടത്ത് ജനിക്കാൻ എളുപ്പമാണ്, അത്ര എളുപ്പമല്ല മറ്റൊരിടത്ത് പുനർജനിക്കാൻ. ഇന്ത്യയെ അവൾ പഠിച്ചെടുത്തതാണ് അർണബ്. തിരിച്ച് എന്തൊക്കെയാണ് ഇന്ത്യ അവളെ പഠിപ്പിച്ചത് ? പാഠം 1 : താനപകടത്തിലാണ്, 19 വെടിയുണ്ടകളേറ്റ് അമ്മായിയമ്മ കൺമുമ്പിൽ പിടഞ്ഞ് വീണു. പാഠം 2 : താനപകടത്തിലാണ്, ഒന്ന് കൂട്ടിപ്പിടിക്കാൻ പോലും കിട്ടാതെ ചിതറിത്തെറിച്ചു പോയി ഭർത്താവിൻ്റെ ഉടൽ !! അർണബ്, മഹാനഷ്ടങ്ങളുടെ പേരാണ് സോണിയാ ഗാന്ധി.

അർണബ്, ഇന്ത്യയിലത് നിങ്ങളാണ്

അർണബ്, ഇന്ത്യയിലത് നിങ്ങളാണ്

2004 ൽ കൈയ്യിൽ വെച്ച് കൊടുത്ത പ്രധാനമന്ത്രി പദം നിരസിച്ചിട്ടുണ്ട് സോണിയ. മഹാനഷ്ടങ്ങളുടെ മാത്രമല്ല, മഹാത്യാഗത്തിൻ്റെ കൂടെ പേരാണ് സോണിയാ ഗാന്ധി. രണ്ട് പതിറ്റാണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിച്ച സ്ത്രീയാണവർ, ഒരു ദേശീയ പാർട്ടിയുടെ അമരത്ത് ഇങ്ങനെയിരുന്ന മറ്റാരുണ്ട് ? ലോക ചരിത്രത്തിൽ അങ്ങനെയേത് പെണ്ണുണ്ടാവും ? ലോക ചരിത്രത്തിൽ അങ്ങനെയേത് പെണ്ണുണ്ടോ, അവളുടെ പിന്നാലെ കാണും ആണഹന്തകൾ കൊണ്ട് നിർമ്മിച്ച ഒരു തെറിവണ്ടി. അർണബ്, ഇന്ത്യയിലത് നിങ്ങളാണ്.

അതൊരു റേപ്പിസ്റ്റിൻ്റെ ഡയലോഗാണ്

അതൊരു റേപ്പിസ്റ്റിൻ്റെ ഡയലോഗാണ്

പേര്, കുടുംബപ്പേര്, വിലാസം, ഭക്ഷണ ശീലങ്ങൾ, വസ്ത്രധാരണ രീതികൾ, ജീവിത ശൈലി, അമ്മായിയമ്മ, ഭർത്താവ് - അങ്ങനെ ഒരാൾക്ക് സ്വന്തമായി ഉണ്ടായിരുന്നതെല്ലാം ഒരു രാജ്യം കവർന്നെടുക്കുക, എന്നിട്ടയാളോട് പറയുക ഇനി നിങ്ങൾക്കിവിടെ നിന്ന് പോകാം - ഈ രാജ്യം നിങ്ങളുടേതല്ല എന്ന്. അതൊരു റേപ്പിസ്റ്റിൻ്റെ ഡയലോഗാണ്. സ്വന്തമായി ഉണ്ടായിരുന്നതെല്ലാം കവർന്നെടുത്ത ശേഷം, ഇനി നിങ്ങൾക്ക് പോകാം എന്ന് പറയുന്നയാൾ തീർച്ചയായും അതാണ്. അർണബ്, നിങ്ങളൊരു റേപ്പിസ്റ്റാണ് - നിങ്ങളും നിങ്ങളുടെ മാധ്യമ പ്രവർത്തനവും''.

English summary
Heart touching note on Congress Chief Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X