വേനല്‍ച്ചൂട് കനക്കുന്നു, വെന്തുരുകി ജനങ്ങള്‍... മാര്‍ച്ചിന് മുന്‍പെ ചുട്ടുപൊള്ളി പാലക്കാട്
പാലക്കാട്: മാര്‍ച്ച് എത്തും പാലക്കാട് ജില്ലയില്‍ വേനല്‍ച്ചൂട് കനക്കുന്നു. ഇന്നലെ 35 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ജില്ലയില്‍ രേഖപ്പെടുത്തിയ ശരാശരി താപനില. വെന്തുരുകാന്‍ തുടങ്ങിയതോടെ പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. ഇനി രണ്ട് മാസത്തിലേറെ വേനല്‍ക്കാലം ബാക്കി നില്‍ക്കെ ആശങ്കയിലാണ് പാലക്കാട്ടുകാര്‍. എന്നാല്‍ നെല്‍ശേഖരങ്ങളില്‍ കൊയ്ത്തിന് സമയമായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പുറത്തിറങ്ങാതിരിക്കുക എന്നത് പ്രായോഗികവുമല്ല. പാലക്കാട് നെല്‍ വയലുകളിലാണ് ആളുകള്‍ കൂടുതലായും ജോലിക്ക് എത്തുന്നത്. നഗരത്തില്‍ പുറംജോലികള്‍ ചെയ്യുന്നവരെയും ചൂട് വലക്കുകയാണ്. പകല്‍ 9 കഴിയുന്നതോടെ തന്നെ ചൂട് ആരംഭിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് തുടങ്ങും മുന്‍പ് താപനില 40 ഡിഗ്രിയില്‍ എത്തുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

അതിനിടെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴാന്‍ തുടങ്ങിയത് കൃഷിയെയും കുടിവെള്ള പദ്ധതികളെയും ബാധിക്കുമോ എന്ന ആശങ്കയും ആളുകള്‍ക്കുണ്ട്. അതേസമയം വേനല്‍ച്ചൂട് കനത്തതോടെ സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ചിരിക്കുകയാണ്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഏപ്രില്‍ 30 വരെ പുനക്രമീകരിച്ചത് തൊഴില്‍ വകുപ്പ്.
സൂര്യാഘാതത്തിനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തുകയും പകല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേള നല്‍കുകയും ചെയ്തിട്ടുണ്ട്. ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലും ക്രമീകരണം നല്‍കണം എന്നാണ് നിര്‍ദേശം.
ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് ദിവസവും പരിശോധന നടത്തും. കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിശോധന ഉറപ്പാക്കുമെന്നും ലേബര്‍ കമ്മിഷണര്‍ വാസുകി അറിയിച്ചു. അതേസമയം സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി.
സ്‌കൂളുകളില്‍ വേനല്‍ച്ചൂടിനെ അതിജീവിക്കാന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം കുടിക്കാന്‍ സ്‌കൂളുകള്‍ പ്രോത്സാഹിപ്പിക്കണം. ഇതിനായി ദിവസവും രണ്ട് നേരം വെള്ളം കുടിക്കാനായി വാട്ടര്‍ ബെല്‍ മുഴങ്ങും.












Click it and Unblock the Notifications