കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പടെ 3 നേതാക്കള്‍ സിപിഎമ്മില്‍, ഭരണം നഷ്ടമായി
തിരുവനന്തപുരം: തിരുവന്തപുരത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റും രണ്ട് കോൺഗ്രസ്സ് പഞ്ചായത്ത് അംഗങ്ങളും സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ ഷിനു മടത്തറയും, കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റും പെരിങ്ങമല ഗ്രാമപഞ്ചായത്ത് അംഗവുമായ കലയപുരം അൻസാരി,കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിയും പെരിങ്ങമല ഗ്രാമപഞ്ചായത്ത് അംഗവുമായ ഷഹനാസ് എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്. ഇവരെ ഇന്ന് രാവിലെ സി പി എം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് സ്വീകരിച്ചു.
സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ഉള്‍പ്പെടേയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ നിലപാടിനോട് യോജിക്കാൻ പാര്‍ട്ടി നേതാക്കൾക്ക് കഴിയുന്നില്ലെന്നും ഇടതുസർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളെ സഹായിക്കാന്‍ ഇവർക്ക് സാധിക്കുന്നില്ലെന്നും സിപിഎം ജില്ല സെക്രട്ടറി വി ജോയി പറഞ്ഞു.

മൂന്ന് അംഗങ്ങളുടെ രാജിയോടെ 20 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യു ഡി എഫിന് ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തു. മൂന്ന് കോൺ ഗ്രസ് അം ഗങ്ങൾക്ക് പുറമെ പഞ്ചായത്തിലെ സ്വതന്ത്രരും സി പി എമ്മിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ സി പി എം (7), കോൺ ഗ്രസ് (6), ലീ ഗ് (2), ബി ജെ പി (1), സ്വതന്ത്രർ (3) എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. പഞ്ചായത്ത് പ്രസിഡന്റും രണ്ട് അം ഗങ്ങളും കോൺ ഗ്രസ് വിടുകയും മൂന്ന് സ്വതന്ത്രർ സി പി എമ്മിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ജില്ലയില്‍ പെരിങ്ങമ്മലയില്‍ കൂടി യു ഡി എഫിന് ഭരണം നഷ്ടമായി.
'സതീശ- സുധാകരാധികൾ നേത്യത്വം നൽകുന്ന കോൺഗ്രസ്സിന്റെ സംസ്ഥാന വിരുദ്ധവും, സംഘപരിവാർ അനുകൂലവുമായ നിലപാടുകളിൽ പ്രതിഷേധിച്ച് ഒരു പഞ്ചായത്ത് തന്നെ സി പി ഐ എമ്മിനോടൊപ്പം അണി ചേർന്നിരിക്കുകയാണ്. കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമായിരുന്ന മലയോര മേഖലയിലെ പഞ്ചായത്താണ് പെരിങ്ങമ്മല. ഇതൊരു തുടക്കമാണ്. പി എസ് പ്രശാന്തിന് പിന്നാലെ മലയോര മേഖലയിലെ ഒരു ഗ്രാമപഞ്ചായത്ത് ഭരണം തന്നെ സി പി എമ്മിലേയ്ക്ക് കടന്ന് വന്നിരിക്കുകയാണ്. എല്ലാ രീതിയിലും കേരളത്തെ തകർക്കാൻ ബി ജെ പി സർക്കാർ ശ്രമിക്കുമ്പോൾ, അതിനൊപ്പം നിൽക്കുകയും, അവരെക്കാൾ വീറോടെ ബി ജെ പിയ്ക്കായി വാദിക്കുകയും ചെയ്യുകയാണ് കോൺഗ്രസ്സ് എന്നാണ് കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ചവർ പറയുന്നത്. ഈ നാട് അത് തിരിച്ചറിയുകയാണ്.' എന്നും സി പി എം ജില്ലാനേതൃത്വം പറഞ്ഞു.
ജില്ലയിലെ ഏറ്റവും പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പി എസ് പ്രശാന്ത് നെടുമങ്ങാട് മണ്ഡലത്തിലെ യു ഡി എഫിന്‍റെ സ്ഥാനാർഥിയായിരുന്നു. അദ്ദേഹവും കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്നു. ഇപ്പോൾ ദേവസ്വം ബോർഡിന്‍റെ പ്രസിഡന്‍റ് കൂടിയാണ്. അടുത്തകാലത്ത് ജില്ലയിൽ കോൺഗ്രസിന്‍റെ 22 ഓളം നേതാക്കളും ലീഗ് നേതാക്കളും അവരുടെ പാർട്ടി ബന്ധം ഉപേക്ഷിച്ച് സി പി എമ്മിനൊപ്പം ചേർന്നുവെന്നും വി ജോയി പറഞ്ഞു.












Click it and Unblock the Notifications