സംസ്ഥാനത്ത് വീണ്ടും മഴ; ഇന്ന് ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദ്ദേശം
സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. ഇന്ന് 3 ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
12 വരേയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ബുധൻ എറണാകുളം, ഇടുക്കി, വ്യാഴം എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തിനും ലക്ഷദ്വീപിനും തമിഴ്‌നാടിനും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് വീണ്ടും മഴ കനക്കാൻ കാരണമായത്.

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും വകുപ്പ് നിർദ്ദേശിച്ചു.
രണ്ട് ദിവസത്തിനകം കാലവർഷം പിൻവാങ്ങിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. കാലവർഷത്തിൽ 34 ശതമാനം മഴ കുറഞ്ഞത് വലിയ ആശങ്കയായിരുന്നു. എന്നാൽ ഒക്ടോബറിൽ ഇതുവരം 16 ശതമാനം അധിക മഴ കേരളത്തില് ലഭിച്ചു.












Click it and Unblock the Notifications