അതിതീവ്രമഴ; നെല്ലിയാമ്പതി,അട്ടപ്പാടി മേഖലകളിലേക്ക് പോകേണ്ട, വിനോദസഞ്ചാരികൾക്ക് നിയന്ത്രണം
അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് മലയോര മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മലയോര മേഖലകളിലെ വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് യാത്രകൾ നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ജില്ല കളക്ടർ അറിയിച്ചു.
നെല്ലിയാമ്പതി ചുരം വഴിയുള്ള യാത്രകൾക്കും അട്ടപ്പാടിയിലേക്കുള്ള യാത്രകൾക്കും ആവശ്യം ബോധ്യപ്പെടുന്ന പക്ഷം നിയന്ത്രണം ഏർപ്പെടുത്താൻ നെന്മാറ, മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരെ ചുമതലപെടുത്തി. മഴയുടെ തീവ്രത വർദ്ധിക്കുന്ന ഘട്ടങ്ങളിൽ ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങൾ തടയുന്നതിനും യാത്രക്കാരെ നിയന്ത്രിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ അതാത് ഡി.എഫ്.ഒമാർ സ്വീകരിക്കേണ്ടതാണെന്നും കലക്ടർ ഉത്തരവിൽ പറഞ്ഞു.

അതേസമയം വയനാട് ജില്ലയിലും ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്ക്ക് ഇന്ന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
ആനക്കാംപൊയിൽ - കള്ളാടി തുരങ്ക പാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളർക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലുെ അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.


Click it and Unblock the Notifications
