കേരളത്തില്‍ ഇന്നും മഴക്ക് സാധ്യത ; അടുത്ത ദിവസങ്ങളിലും മഴ
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചക്രവാതച്ചുഴി കേരളാ തീരത്ത് നിന്ന് അകലുന്നതോടെ മഴ ദുര്‍ബലമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴിയാണ് കേരളത്തില്‍ മഴക്ക് കാരണമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. കേരളത്തില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് നിര്‍ദേശമുണ്ട്. ഏപ്രില്‍ 18 വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് ജാഗ്രത നിര്‍ദശം. മണിക്കൂറില്‍ 30 മുതല്‍ 40 കീലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് നിര്‍ദേശം. കാറ്റിനെ തുടര്‍ന്ന് ജനങ്ങള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി കമ്പികള്‍, ഇലക്ട്രിക് പോസ്റ്റുകള്‍ തുടങ്ങിയവ പൊട്ടിവീഴാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ജനം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരത്തില്‍ അപകടം കാണുകയോ ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ കെഎസ്ഇബി കണ്‍ട്രോള്‍ റൂമിലോ(1912) ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ (1077) വിവരം അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട്ടില്‍ കനത്ത നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കുട്ടനാട്ടില്‍ കൈനകരിയില്‍ 600 ഏക്കര്‍ പാടം മട വീണ് നശിച്ചു.
ഈ ദിവസങ്ങളിലായി കൊയ്യാനായി ഇരുന്ന പാടത്താണ് മട വീണത്. ഇതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വലിയ തോതില്‍ നാശനഷ്ടം സൃഷ്ടിക്കുന്ന ഒന്നാണ് കാറ്റ്. മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞുവീണും വലിയ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കാറ്റിനെ നേരിടാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യവും ഉടലെടുക്കുന്നത്.

ശക്തമായ മഴയും കാറ്റും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും ആളുകള്‍ മരങ്ങളുടെ ചുവട്ടില്‍ പോയി നില്‍ക്കാന്‍ പാടില്ല. വാഹനങ്ങളും മരങ്ങളുടെ ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. വീടുകള്‍ക്ക് മുകളിലേക്കോ, അല്ലെങ്കില്‍ അപകടകരമായ രീതിയില്‍ മരത്തിന്റെ ചില്ലകള്‍ നില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ചില്ലകള്‍ വെട്ടിക്കളയണം. ഈ സാഹചര്യം പൊതു ഇടങ്ങളില്‍ ശ്രദ്ധപ്പെടുകയാണെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ ഇക്കാര്യം ധരിപ്പിക്കണം.
കാറ്റ് വീശുമ്പോള്‍ തന്നെ വീടുകളില്‍ ജനലുകളും വാതിലുകളും തുറന്നു കിടക്കുകയാണെങ്കില്‍ അടച്ചിടണം. ശക്തമായ കാറ്റ് ഉള്ള സമയത്ത് വീടുകളുടെ ടെറസുകളിലേക്ക് പോകുന്നത് ഒഴിവാക്കണം.
സുരക്ഷിതമായ വീടുകള്‍ ഇല്ലാത്തവര്‍ അധികൃതരുമായി സംസാരിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് ഇത്തരം ദിവസങ്ങളില്‍ മാറി താമസിക്കേണ്ടതുണ്ട്. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ സഹകരിച്ച് പൊതുജനങ്ങള്‍ നേരിട്ടിറങ്ങി റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യുന്നതില്‍ നിന്ന് പിന്മാറണം.

പത്രം പാല്‍ വിതരണക്കാര്‍ പ്രത്യേത ജാഗ്രത പാലിക്കേണ്ടതായുണ്ട്. അതിരാവിലെ ജോലിക്ക് പോകുന്നവര്‍ വഴികളില്‍ അപകടസാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത പുലര്‍ത്തണം. വഴികളിലെ വെള്ളക്കെട്ടുകളില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പുവരുത്തണം. അപകടത്തപ്പറ്റി സംശയം തോന്നുന്ന പക്ഷം തന്നെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം ധരിപ്പിക്കണം. അപകടം ഇല്ലെന്ന് ഉറപ്പുവരുത്തിയത് ശേഷം മാത്രമാകണം മുന്നോട്ട് പോകേണ്ടത്. കാറ്റും മഴയും ശക്തമാകുമ്പോള്‍ നിര്‍മാണ ജോലികള്‍ ചെയ്യുന്നവര്‍ ജോലി നിര്‍ത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറണം.












Click it and Unblock the Notifications