സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും, പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യത!
തിരുവനന്തപുരം: കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതീക്ഷിക്കുന്നത്. അടുത്ത 5 ദിവസവും സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മെയ് 13 മുതൽ 17 വരെ ഇടുക്കി ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 13ന് പത്തനംതിട്ട, എറണാകുളം ജില്ലകളിലും മെയ് 15 ന് മലപ്പുറം ജില്ലയിലും മെയ് 16ന് എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും മെയ് 17ന് എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്. 2020 മെയ് 13 മുതൽ മെയ് 17 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മത്സ്യതൊഴിലാളികൾക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. കേരള, ലക്ഷദ്വീപ് തീരങ്ങൾ : കേരള തീരത്തും ,മാലിദ്വീപ് ,ലക്ഷദ്വീപ് എന്നീ കടൽ പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications