ചൂരല്‍മലയില്‍ കനത്ത മഴ, ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്ക്: ഉരുള്‍പൊട്ടല്‍ സംശയം: ജനങ്ങള്‍ പ്രതിഷേധത്തില്‍
വയനാട്: മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ശക്തമായ മഴയും കുത്തൊഴുക്കും. ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം. മേഖലയില്‍ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. 2024-ല്‍ കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന വിധമാണ് ഇപ്പോള്‍ മഴ പെയ്യുന്നത്. മുണ്ടക്കൈ വനമേഖലയില്‍ കഴിഞ്ഞ രാത്രി നൂറു മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രദേശത്ത് നാട്ടുകാര്‍ കനത്ത പ്രതിഷേധത്തിലാണ്. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യൂ സംഘത്തെ തടഞ്ഞു.
ചൂരല്‍മല-അട്ടമല റോഡ് പൂര്‍ണമായി വെള്ളത്തിനടിയിലായി. പുന്നപ്പുഴയില്‍ ചെളിമണ്ണാണ് കുത്തിയൊലിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് പണിത ബെയ്ലി പാലത്തിന്റെ തൊട്ടുതാഴെ കൂടിയാണ് പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നത്. അന്ന് ഉരുള്‍പൊട്ടലുണ്ടായ സമയത്തെ ഗന്ധവും മണ്ണിനുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഫയര്‍ഫോഴ്‌സും പൊലീസും മേഖലയിലെത്തി. ചൂരല്‍മരയില്‍ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്താനാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഏതാനും തൊഴിലാളികള്‍ എസ്റ്റേറ്റില്‍ കുടുങ്ങി. അവരെ രക്ഷിക്കാന്‍ നടപടികള്‍ ആരംഭിച്ചു. മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചതായി ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.
കനത്ത മഴയും കലങ്ങി മറിയുന്ന പുഴയും ജനങ്ങളുടെ രോഷവും ചേര്‍ന്ന് ചൂരല്‍മലയില്‍ ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
അതിനിടെ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു. ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസത്തിലെ പിഴവാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ധനസഹായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ധനസഹായം വിതരണം ചെയ്തതില്‍ പാകപ്പിഴ ഉണ്ടായെന്ന് നാട്ടുകാര്‍ ആരോപിച്ചു. സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ പോലും സുരക്ഷിതമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജനങ്ങളെ താമസിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്ത് നിന്ന് പിന്‍വാങ്ങി. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
ഇന്നലെ വൈകുന്നേരം മുതല്‍ വയനാട്ടില്‍ കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴ തുടര്‍ന്ന് വയനാട്ടിലെ ജനങ്ങള്‍ ഭീതിയിലാണ്. ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായെന്ന സംശയവും പ്രദേശവാസികള്‍ ഉയര്‍ത്തുന്നുണ്ട്. നിലവില്‍ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
2024 ജൂലൈ 30 പുലര്‍ച്ചെയാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയത്. 298 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് വീടും മറ്റു വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്.












Click it and Unblock the Notifications