സംസ്ഥാനത്ത് 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും. വായു എന്നാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഗുജറാത്ത് തീരത്തേയ്ക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ചുഴലിക്കാറ്റ് നാശം വിതയ്ക്കില്ലെങ്കിലും അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിശക്തമായി കാറ്റടിക്കും. ചൊവ്വാഴ്ച 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് എത്തുന്നതോടെ സൗരാഷ്ട്ര, കച്ച് മേഖലകളിൽ കനത്ത മഴയും കാററും നാശം വിതച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

മലപ്പുറം, കോഴിക്കോട്. കണ്ണൂർ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായോ, അതിശക്തമാ മഴയ്ക്ക് സാധ്യതയുള്ള 9 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
മലയോര മേഖലകളിലേക്ക് രാത്രി യാത്ര ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം വായു ചുഴലിക്കാറ്റ് എത്തുന്നതോടെ ഗുജറാത്ത് തീരത്ത് മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. 13ാം തീയതി മഹാരാഷ്ട്ര തീരത്ത് 70 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications