സംസ്ഥാനത്ത് രണ്ട് ദിവസം ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്, കാലവർഷം വ്യാഴാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ ആറോടെ സംസ്ഥാനത്ത് കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇക്കുറി പ്രതീക്ഷച്ചതിനേക്കാൾ കുറവ് വേനൽമഴയാണ് ലഭിച്ചത്. മാർച്ച ഒന്ന് മുതൽ മെയ് 31 വരെ പ്രതീക്ഷിച്ചതിനേക്കാൾ പകുതിയോളം മഴ മാത്രമാണ് ലഭിച്ചത്. 55 ശതമാനത്തിന്റെ കുറവാണ് ഇക്കുറി വേനൽ മഴയിൽ ഉണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

379.7 ലിറ്റർ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് 170.7 ലിറ്റർ മഴ മാത്രമാണ് കേരളത്തിന് ലഭിച്ചത്. കാസർഗോഡ് ജില്ലയിലാണ് ഏററവും കുറവ് വേനൽ മഴ ലഭിച്ചത്. വയനാട്ടിൽ പ്രതീക്ഷിച്ചതിലും ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തുമെങ്കിലും ശരാശരിയിൽ താഴെ മാത്രമെ മഴ ലഭിക്കാൻ സാധ്യതയുളളു. എന്നാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
അതേസമയം കേരളത്തെ കൂടാതെ തമിഴ്നാട്ടിലും കർണാടകയിലും രണ്ട് ദിവസത്തേയ്ക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications