കനത്ത മഴ; വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, നാളത്തെ സെറ്റ് പരീക്ഷയും മാറ്റിവെച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതുമാണെന്നും കളക്ടർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി മേപ്പാടിയിലെ കള്ളാടി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ വയനാട് ജില്ലയിൽ നിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
സെറ്റ് പരീക്ഷ മാറ്റി
സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ) പരീക്ഷ മാറ്റിവെച്ചു.കാലാവസ്ഥ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാമെന്നും അധികൃതർ അറിയിച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു
മഹാത്മാഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

അതിതീവ്ര മഴ, പമ്പയിൽ വെള്ളപൊക്കവും: ഭക്തർ ശബരിമല യാത്ര ഒഴിവാക്കണം
അതിതീവ്ര മഴയും ഇതേ തുടർന്ന് പമ്പാ നദിയിൽ വെള്ളപൊക്കവും ഉണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് വൈകീട്ട് 6 മണി മുതൽ നാളെ രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയർമാൻ ആയ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണം.


Click it and Unblock the Notifications