ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വിവിധ ജില്ലകളിൽ മഴ കനക്കും. വരുന്ന 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ടു. ഇന്ന് മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടായേക്കും. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയ്ക്കുളള സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് സംസ്ഥാനത്തെ 6 ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാലാം തിയ്യതി ഞായറാഴ്ചയും അഞ്ചാം തിയ്യതി തിങ്കളാഴ്ചയും യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ രണ്ട് ദിവസങ്ങളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാനാണ് സാധ്യത.


Click it and Unblock the Notifications
