മഴ കനക്കും, കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്..നാളെ 7ജില്ലകളിൽ യെല്ലോ
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും 21 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിളും കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും
ശക്തമായ നീരൊഴുക്കിനെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. പൂപ്പാറ ഡാമിന്റെ സുരക്ഷിത ജലനിരപ്പ് 106.5 മീറ്ററിൽ നിലനിർത്തേണ്ടതിനാൽ ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് (ആകെ 40 സെന്റിമീറ്റർ) ഉയർത്തുക.
അരുവിക്കര ഡാമിലെ ജലനിരപ്പും വർധിക്കുന്ന സാഹചര്യത്തിൽ വൈകിട്ട് 5.30ന് അരുവിക്കര ഡാമിന്റെ രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകളും 10 സെന്റിമീറ്റർ വീതം (കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പടെ ആകെ 80 സെന്റിമീറ്റർ) ഉയർത്തും.
പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
18 ന് സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.
ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, ഒഡീഷ തീരം, തെക്കൻ മ്യാന്മർ തീരം അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications