സംസ്ഥാനത്ത് കനത്ത മഴ; 4 മരണം..ബാവലി പുഴയിൽ വെള്ളപ്പൊക്ക സാധ്യത, കർശന നിയന്ത്രണം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യുന്നത്. വിവിധ അപകടങ്ങളിലായി നാല് മരണങ്ങൾ സ്ഥിരീകരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി,ഇടുക്കിയിൽ മരം വീണ് തോട്ടം തൊഴിലാളി,മൂന്നാറിലുണ്ടായ മണ്ണിടിച്ചിലിൽ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ എന്നിങ്ങനെയാണ് മരിച്ചത്.

വെള്ളൊപ്പെക്കത്തിന് സാധ്യത
പായം, വിളമന, കരിക്കോട്ടക്കരീ, അയ്യങ്കുന്ന് വില്ലേജുകളിൽ തുടര്‍ച്ചയായുള്ള മഴ കാരണം വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ബാവലി പുഴയിൽ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഔദ്യോഗിക സംവിധാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറയിച്ചു.
പ്രവേശനം നിരോധിച്ചു
കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു
കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
ജല നിരപ്പ് ഉയരുന്നു; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും
കനത്ത മഴയെ തുടർന്ന് പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇനിയൊരു അറിയിപ്പ് ഇല്ലാതെ തന്നെ തുറക്കുന്നതാണെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
നാളെ അവധി
നിലവിലെ കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലും ശക്തമായ മഴ തുടരുന്ന സാഹചര്യമായതിനാലും ജില്ലയിലെ ട്യൂഷൻ സെന്ററുകൾക്കും, മതപഠന ക്ലാസുകൾക്കും, സ്പെഷ്യൽ ക്ലാസുകൾക്കും ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.
വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം
നെല്ലിയാമ്പതി മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി നെന്മാറ ഡി.എഫ്.ഒ പി പ്രവീൺ അറിയിച്ചു. റോഡിൽ രണ്ടു മൂന്നു സ്ഥലത്ത് മരങ്ങൾ കട പുഴകി വീഴുകയും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം. മഴ കുറയുന്നതുവരെ വിനോദ സഞ്ചാരികളുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.












Click it and Unblock the Notifications