ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മെയ് 14, 15 തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നാണ് പ്രവചനം. കൂടാതെ, അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ, തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശത്തിനും മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂനമർദപാത്തിയും നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നൽ സമയങ്ങളിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (പുറപ്പെടുവിച്ച സമയം വൈകീട്ട് 4.45).
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications