മദ്യപിച്ച് അപകടമുണ്ടാക്കുംവിധം വാഹനമോടിച്ചു; 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ പൊലീസ് കേസ്
മദ്യപിച്ച് വാഹനമോടിച്ചതിന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യയ്‌ക്കെതിരെ പൊലീസ് കേസ്. കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ വെച്ചായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ച ധന്യ പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കുംവിധം വാഹനവുമായി കടന്നു കളഞ്ഞു എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പെരുമ്പള സ്വദേശിയാണ് ധന്യ.
അണങ്കൂരില്‍ പതിവ് വാഹനപരിശോധനയ്ക്കിടെ ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. നാഷണല്‍ ഹൈവേ 66 ല്‍ റോഡിന് നടുവിലായി നിര്‍ത്തിയിട്ട നിലയിലായിരുന്നു ധന്യയുടെ വാഹനം. ഇത് കണ്ട് പൊലീസുകാര്‍ വന്ന് നോക്കുമ്പോള്‍ വാഹനം അമിതവേഗതയില്‍ ഓടിച്ച് പോകുകയായിരുന്നു. പിന്നീട് പൊലീസ് ഇവരെ പിന്തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു. ബന്തിയോട് ഭഗവതി നഗറില്‍ വെച്ചാണ് ധന്യയെ പിടികൂടിയത്.

പിന്നീടുള്ള പരിശോധനയില്‍ ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത ശേഷം പിഴ ചുമത്തി വിട്ടയച്ചു എന്നാണ് വിവരം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ എന്ന നിലയില്‍ സൈബര്‍ ലോകത്ത് സജീവമാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ടയെന്ന് അറിയപ്പെടുന്ന ധന്യ എസ് രാജേഷ്. 28 കാരിയായ ധന്യയ്ക്ക് 10 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്.
ഒരാളെ പോലും ധന്യ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്. യൂട്യൂബില്‍ 3.29 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഇവര്‍ക്കുണ്ട്. റിയാക്ഷന്‍ വീഡിയോസിലൂടെയാണ് ധന്യ യൂട്യൂബില്‍ സജീവം. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ ഒരു ക്ലോത്തിങ് ബ്രാന്റും ധന്യ ആരംഭിച്ചിരുന്നു. ബിസിനസും സോഷ്യല്‍മീഡിയ പേജും കൊളാബുകളുമെല്ലാമായി സൈബറിടത്തില്‍ സജീവമാണ് താരം.














Click it and Unblock the Notifications