എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംഭവം; പൈലറ്റിന്റെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: പ്രമുഖ വ്യവസായിയും ലൂലു ഗ്രൂപ്പ് ഉടമയുമായ എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത് പൈലറ്റിന്റെ വീഴ്ചയാണെന്ന് ഡിജിസിഎ റിപ്പോര്‍ട്ട്. അപകടസമയത്ത് തന്നെ സഹായിച്ചവരെ കാണാന്‍ എത്തിയപ്പോഴാണ് ഇക്കാര്യം യൂസഫലി വെളിപ്പെടുത്തിയത്. കടവന്ത്രയില്‍ നിന്ന് പനങ്ങാട്ടേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്റര്‍ ക്രാഷ് ലാന്റ് ചെയ്തത് സാങ്കേതിക തകരാര്‍ കാരണമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. തടസ്സങ്ങളെ പൈലറ്റുമാര്‍ക്ക് വേണ്ടവിധം കൈകാര്യം ചെയ്യാന്‍ ആയില്ലെന്നായിരുന്നു കണ്ടെത്തിയത്. അതേസമയം ആ ഘട്ടത്തില്‍ കാലാവസ്ഥയിലും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതും പൈലറ്റുമാര്‍ക്ക് കൈകാര്യം ചെയ്യുന്നതില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചു. സാങ്കേതിക തകരാറല്ല സംഭവിച്ചതെന്നും പൈലറ്റുമാര്‍ അനുഭവ സമ്പന്നരും തന്റെ സുഹൃത്തുക്കളുമാണെന്നും എന്നാല്‍ ആ ഘട്ടത്തില്‍ വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെന്നും യൂസഫലി പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 11 നായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലേക്ക് പോകവെ ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടില്‍ ആയിരുന്നു ഹെലികോപ്ടര്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ലാന്‍ഡിംഗിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് പനങ്ങാട് പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് നില്‍ക്കുന്ന ചതുപ്പില്‍ കോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നത്. ഹെലികോപ്ടര്‍ പതിക്കുമ്പോള്‍ ചാറ്റല്‍ മഴയുമുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഹെലികോപ്ടറിന്റെ പ്രധാന ഭാഗം ചതുപ്പില്‍ ആഴ്ന്ന് പോവുകയായിരുന്നു. യൂസഫലിയേയും ഭാര്യയേയും ഹെലികോപ്ടറിന്റെ സൈഡ് ഗ്ലാസ് നീക്കിയായിരുന്നു പുറത്തിറക്കിയത്.
ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിച്ച് എംഎ യൂസഫലി ഇന്ന് വീട്ടിലെത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് യുസഫലിക്കും മറ്റും പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയായിരുന്നു. വനിതാ പൊലീസ് ഓഫീസര്‍ കൂടിയാണ് ബിജി. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത ബിജിയെ കേരളാ പൊലീസും ആദരിച്ചിരുന്നു. ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനായിരുന്നു പൊലീസ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കിയിരുന്നത്. ബിജിക്ക് നല്‍കാനായി സമ്മാനവുമായിട്ടായിരുന്നു യുസഫലി എത്തിയത്.












Click it and Unblock the Notifications