സിനിമയില്‍ ഹെല്‍മെറ്റ് നിര്‍ബ്ബന്ധം: ഋഷിരാജ് സിങ്
കര്‍ശനമായ ഗതാഗതനിയമങ്ങളിലൂടെ കേരളത്തിലെ റോഡ് സംസ്‌കാരത്തില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സിനിമയിലെ ഗതാഗതത്തെയും നിയമപരിധിയ്ക്കുള്ളില്‍ കൊണ്ടുവരുന്നു. സിനിമയില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിയ്ക്കുന്ന രംഗങ്ങളില്‍ താരങ്ങള്‍ ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബ്ബന്ധമാക്കണമെന്ന് കാണിച്ചുകൊണ്ട് സെന്‍സര്‍ ബോര്‍ഡിനും ചലച്ചിത്ര സംഘടനകള്‍ക്കും സിങ് കത്തയിച്ചിരിക്കുകയാണ്.
സിനിമയിലും സീരിയലുകളിലും ഇരുചക്രവാഹനങ്ങള്‍ ഓടിയ്ക്കുമ്പോള്‍ ഹെര്‍മെറ്റ് ധരിക്കാതിരിക്കുന്ന രീതി ഒഴിവാക്കണമെന്നും ഹെല്‍മെറ്റില്ലാതെ വാഹനമോടിയ്ക്കുന്ന സീനുകള്‍ വന്നാല്‍ ചിത്രത്തിനെതിരെ കേസെടുക്കുമെന്നുമാണ് സിങ്ങിന്റെ കത്തില്‍ പറയുന്നത്. ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാക്കിയതോടെ ഹെല്‍മെറ്റ് ധരിയ്ക്കാതെ താരങ്ങള്‍ വാഹനമോടിയ്ക്കുന്ന രംഗങ്ങള്‍ വന്ന പലചിത്രങ്ങളും ഇക്കാര്യത്തില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്ന ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടിയ്ക്കുവേണ്ടി കൊച്ചിയില്‍ നടത്തിയ ബുള്ളറ്റ് റാലിയില്‍ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഹെല്‍മെറ്റ് വെയ്ക്കാതെ പങ്കെടുത്തത് വലിയ വാര്‍ത്തയാവുകയും വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് കേസൊന്നുമെടുത്തിരുന്നില്ലെങ്കിലും ദുല്‍ഖര്‍ സ്റ്റേഷനിലേയ്ക്ക് ചെന്ന് ചെയ്ത തെറ്റിന് പിഴയടയ്ക്കുകയായിരുന്നു.












Click it and Unblock the Notifications