ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ കടുംവെട്ട്; പുറത്തുവിട്ടത് കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയ ശേഷം
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടതിനേക്കാൾ വിവരങ്ങൾ സർക്കാർ ഒഴിവാക്കിയതായി ആക്ഷേപം. റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിടുമ്പോൾ സ്വകാര്യതയെ ബാധിക്കുന്ന 21 ഖണ്ഡികകൾ ഒഴിവാക്കണമെന്നായിരുന്നു കമ്മീഷൻ നിർദ്ദേശിച്ചത്. എന്നാൽ പുറത്തുവിട്ട റിപ്പോർട്ടിൽ 129 പാരഗ്രാഫുകളാണ് സർക്കാർ ഒഴിവാക്കിയത്. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിനായി അപേക്ഷകർക്ക് നൽകിയവരോട് പോലും അറിയിക്കാതെയാണ് ഈ കടുംവെട്ട് നടത്തിയിരിക്കുന്നത്.

21 പാരഗ്രാഫിന് പുറമെ കൂടുതല്‍ എന്തൊക്കെ ഒഴിവാക്കാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ പേജുകളിൽ ഏതൊക്കെ വിവാരങ്ങൾ ഒഴിവാക്കുമെന്നത് സംബന്ധിച്ച് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയവരെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇതിൽ പറയാത്ത കാര്യങ്ങളാണ് സർക്കാർ ഒഴിവാക്കിയതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.
പുറത്ത് വിട്ട റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് സംബന്ധിച്ച് മുൻകൂട്ടി അറിയിച്ചിരുന്നില്ല. 42 മുതൽ 43 വരെയുള്ള പേജുകളിലെ 85ാം ഖണ്ഡികയും 59 മുതൽ 79 വരെയുള്ള പേജുകളിലെ 44ാം ഖണ്ഡികയും ഒഴിവാക്കിയവയിൽ പെടുന്നു. പ്രമുഖകർക്കെതിരായ ലൈംഗിക ആരോപണങ്ങൾ ആണ് ഈ പേജുകളൽ ഉള്ളതെന്ന സംശയമവും ഇതോടെ ഉയരുന്നുണ്ട്..അതേസമയം വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിര്‍ദേശിച്ച 96ാം പാരഗ്രാഫ് ഉൾപ്പെടുത്തിയിട്ടുമുണ്ട്.
എന്നാൽ സ്വകാര്യതയെ മാനിച്ചാണ് റിപ്പോര്‍ട്ടില്‍ നിന്നും കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയതെന്ന് ആവർത്തിക്കുകയാണ് സർക്കാർ. സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് വിവരവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതാണ് പരിഗണിച്ചായിരുന്നു നടപടിയെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയ നടപടിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയരുന്നുണ്ട്. വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി. സർക്കാരിന് ഭയമുണ്ടെന്നാണ് സെൻസറിങ് വ്യക്തമാക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. നടപടി ആരെയോ രക്ഷിക്കാനാണെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്.
സിനിമ മേഖലയിൽ നിന്നുള്ളവരും സർക്കാരിവെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. പോക്സോ കേസ് പരിധിയിൽ വരുന്ന കാര്യങ്ങളാണോ ഈ ഭാഗങ്ങളിൽ ഉള്ളതെന്ന സംശയമാണ് നടി മാലാ പാർവതി പങ്കിട്ടത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും അവർ പറഞ്ഞു. അതേസമയം സർക്കാർ നടത്തിയത് ചതിയാണെന്നായിരുന്നു നടൻ ഹരീഷ് പേരടി തുറന്നടിച്ചത്.












Click it and Unblock the Notifications